ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന് പിന്നില്‍ പശുസംരക്ഷണമെന്ന വികാരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ലോകസഭയില്‍

നിര്‍മ്മലാ സീതാരാമന്‍ (ഫയല്‍)

ദില്ലി: ഗോസംരക്ഷണ ചര്‍ച്ചകള്‍ രാജ്യത്ത് പൊടിപൊടിക്കുകയാണ്. ഗുജറാത്തില്‍ ജീവപര്യന്തം ശിക്ഷയാണ് ഗോവധത്തിനെങ്കില്‍, ഗോവധത്തെ തള്ളിയാണ് ഗോവ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നല്ല ബീഫെത്തിക്കുമെന്ന പ്രസ്താവന പോലും നടത്തി. ബിജെപിയുടെ ഈ പശുസംരക്ഷണ നിലപാടില്‍ പുത്തന്‍ വഴിത്തിരിവാണ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സമ്മാനിക്കുന്നത്.

വാണിജ്യസഹമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറയുന്നത്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് പിന്നില്‍ ഗോസംരക്ഷണായിരുന്നു കാരണമെന്നാണ്. യോഗി ആദിത്യനാഥിന്റെ ഗോ സംരക്ഷണ നടപടികളെ പുകഴ്ത്തിയായിരുന്നു കേന്ദ്രവാണിജ്യ മന്ത്രിയുടെ വാക്കുകള്‍. ചെരുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലെ ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗോവധത്തിനുള്ള നിരോധനം ലെതര്‍ മേഖലയില്‍ ചെരുപ്പുണ്ടാക്കാനുള്ള തൊലിയുടെ അപര്യാപ്തതയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ തൃണമൂല്‍ അംഗങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മന്ത്രി ഈ വാദങ്ങള്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന് പിന്നിലെ ‘സ്പിരിറ്റ്’ ഗോസംരക്ഷണമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.  ഫൂട്ട്വെയര്‍ ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശായ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കാനുള്ള ബില്ല് പിന്നീട് സഭ, ശബ്ദവോട്ടോടുകൂടി പാസാക്കി.

ലെതര്‍ വ്യവസായത്തിന് കൃത്യമായി തൊലി ലഭിക്കാനുള്ള സംവിധാനമുണ്ടാകുമെന്നും മന്ത്രി സഭയില്‍ പ്രഖ്യാപിച്ചു. ഗോസംരക്ഷണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്, അത് നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരാഹ്വാനത്തിന്റെ ഭാഗമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നതില്‍ പുതിയതായി ഒന്നുമില്ലെന്നും, സ്വാതന്ത്ര്യസമരകാലത്ത് തന്നെ ഉണ്ടായിരുന്ന കാര്യമാണിതെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത് കണ്ടിട്ട് എന്തിനാണ് ചിലര്‍ ഇങ്ങനെ ആശങ്കപ്പെടുന്നതെന്നും മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചോദിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പിന്നിലെ വികാരത്തിനൊപ്പം അണിനിരക്കുക മാത്രമാണ് യോഗി ആദിത്യനാഥ് ചെയ്യുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഒന്ന് സ്വാതന്ത്ര്യസമരകാലത്തും ഒന്ന് ഇപ്പോളും നടക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും അവര്‍ വിശദീകരിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങളെ വളച്ചൊടിച്ച് വിവാദമുണ്ടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍, താന്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.

(ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി സംസാരിക്കുന്നു)

തമിഴ്‌നാട്ടുകാരിയായ നിര്‍മ്മലാ സീതാരാമന്‍, കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. വാണിജ്യ-വ്യവസായവകുപ്പിന് പുറമേ ധനകാര്യവകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് നിര്‍മ്മലാ സീതാരാമന്‍. ൂബിജെപിയുടെ പ്രമുഖ വനിതാ മുഖമായി അറിയപ്പെടുന്ന നിര്‍മ്മല, അടുത്തകാലം വരെ ബിജെപി ദേശീയവക്താവായിരുന്നു.

DONT MISS
Top