വ്യക്തികള്‍ എന്ത് കഴിക്കണമെന്ന്‍ ഭരണകൂടങ്ങള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് അലഹബാദ് ഹൈക്കോടതി; പരാമര്‍ശം അറവുശാലകള്‍ നിരോധിച്ചതിനെതിരെയുള്ള ഹര്‍ജിക്കിടയില്‍

പ്രതീകാത്മകചിത്രം

അലഹബാദ്: വ്യക്തികളുടെ ജീവിക്കാനുള്ള അവകാശവും, അവരെന്ത് കഴിക്കണമെന്നതും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അറവുശാലകള്‍ നിരോധിച്ച നടപടിയെ സംബന്ധിച്ച് പരാമര്‍ശം നടത്തുകയായിരുന്നു കോടതി. യോഗി ആദിത്യ നാഥിനോട് പത്ത് ദിവസത്തിനകം അനധികൃതമായി അടച്ചുപൂട്ടിയ അറവുശാലകളുടെ കാര്യത്തില്‍ നടപടി കൈകൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.

വ്യക്തികളെ അവരെന്ത് കഴിക്കണമെന്നതിലും, എങ്ങനെ ജീവിക്കണമെന്നതിലും ഭരണകൂടങ്ങള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാത്തതിന്റെ പേരില്‍ തന്റെ അറവുശാല തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കോടതി ഇടപെടണമെന്ന് കാണിച്ച് ലാകിംപൂര്‍ കേരി എന്ന ഇറച്ചി വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടുകയായിരുന്നു കോടതി.

ഒരു വ്യക്തി എന്ത് കഴിക്കണമെന്നുള്ളത് ആ സംസ്ഥാനത്തിന്റെ മതേതര സ്വഭാവമാണ് കാണിക്കുന്നത്. അത് ഒരു ഭരണകൂടത്തിനും തടയാനാകില്ല. വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നത് പോലെതന്നെ, അവരെന്ത് കഴിക്കണമെന്നതും സംരക്ഷിക്കപ്പെടേണ്ടതാണ്. അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അമരേഷ്വര്‍ പ്രതാപ് സാഹി, സഞ്ജയ് ഹര്‍ക്കുലി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്.

യോഗി ആദിത്യ നാഥ് അധികാരത്തിലെത്തിയപ്പോള്‍ കൈകൊണ്ട ആദ്യ  നടപടികളിലൊന്നായിരുന്നു അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നത്. പശുക്കളുടെ കള്ളകടത്ത് തടയുന്നതിനാണ് അനധികൃത അറവുശാലകള്‍ക്ക് നിയന്ത്രണമിടാന്‍ തീരുമാനിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രതിഷേധങ്ങളാണ് വ്യാപാരികളുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും, ഹരിയാനയിലും നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top