‘കൂസലില്ലാത്ത കുട്ടികള്‍’- തെരുവിലേക്കുള്ള ഫോട്ടോഗ്രഫി നോട്ടങ്ങള്‍ ആര്‍ത്തിനോട്ടങ്ങളോ?

Reckless Kids/ കൂസലില്ലാത്ത കുട്ടികള്‍

മുംബൈ: പാകിസ്താനിലെ ‘സുന്ദരനായ ചായക്കാരന്‍’ എന്ന ഒരു ഫോട്ടോ കഴിഞ്ഞ ഒക്ടോബറില്‍ വൈറലായിരുന്നു. ചായക്കാരന് സുന്ദരനോ സുന്ദരന് ചായക്കാരനോ ആകാന്‍ പറ്റില്ലെന്ന മുന്‍വിധിയില്‍ നിന്നാണ് ഇത്തരം ആഘോഷങ്ങളുണ്ടായത്. ബോംബെയിലെ തെരുവില്‍, പൊട്ടിപ്പൊളിഞ്ഞ കാറുകള്‍ക്കിടയില്‍ കള്ളനും പൊലീസും കളിക്കുന്ന കുട്ടികളുടെ ഫോട്ടോ അങ്ങനെ ഏറ്റവും സാധാരണമായതിലേക്കുള്ള നോട്ടമാണ്. നികുഞ്ജ് റാത്തോഡ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് ഇന്ത്യാ നാഷണല്‍ അവാര്‍ഡും 2017ലെ സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡും വാങ്ങിക്കൊടുത്തത്  Reckless Kids എന്ന് പേരിട്ട ഇവരുടെ ഒഴിവുനേരത്തെ കളികളുടെ ചിത്രങ്ങളാണ്.

സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്നും ചോദ്യംചെയ്യപ്പെടാറുണ്ട്. ദാരിദ്ര്യവും പട്ടിണിയും അനാഥത്വവും വേശ്യകളുടെ ജീവിതവും തെരുവുവാസികളുടെ ജീവിതവും പകര്‍ത്തപ്പെടുമ്പോള്‍ അതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടാറുണ്ട്. അതേസമയം, ഒട്ടും പ്രവചിക്കാന്‍ കഴിയാത്തതുമാണ് തെരുവില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധ്യതയുള്ള ഫോട്ടോകള്‍. അതുകൊണ്ട് തന്നെ ഫോട്ടോ ചാകര പ്രതീക്ഷിച്ച് തെരുവുകളില്‍ അലഞ്ഞുതിരിയാറുള്ള ഫോട്ടോഗ്രാഫര്‍മാരുണ്ട്.

സ്‌ക്രോള്‍.ഇന്നിലെ റിപ്പോര്‍ട്ടര്‍ ആ കുട്ടികളെ ‘റൗഡി കിഡ്‌സ്’ എന്നു വിളിക്കുന്നിടത്താണ് ഫോട്ടോഗ്രാഫറുടെ ഉദ്ദേശ്യം പോലും റദ്ദുചെയ്യുന്ന രീതിയില്‍ ‘കൂസലില്ലാത്ത കുട്ടികള്‍’ അവതരിപ്പിക്കപ്പെട്ടത്. ഈ ഫോട്ടോ പരമ്പര കുട്ടിക്കാലം ആഘോഷിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഗൃഹാതുരത്വത്തോടെ എടുത്തു സൂക്ഷിച്ച് അവാര്‍ഡിനയച്ചവയാണ് എന്ന് ഫോട്ടോഗ്രഫര്‍ പറയുന്നുണ്ട്. എന്നാല്‍ എഴുതിവന്നപ്പോഴേക്കും അവരെ ‘റൗഡിക്കുട്ടികളാ’ക്കി. ‘പുളയ്ക്കുന്ന തെരുവുജീവിതത്തിന്റെ വൈവിധ്യങ്ങള്‍’ എന്ന് ഈ ഫോട്ടോകളെ വിളിക്കാനും സ്‌ക്രോള്‍ റിപ്പോര്‍ട്ടര്‍ മറന്നില്ല.

കുട്ടികള്‍ കാണാതെ എടുത്ത ഫോട്ടോകളിലും കുട്ടികള്‍ ക്യാമറ കണ്ട ശേഷം എടുത്ത ഫോട്ടോകളിലും പ്രകടമായ വ്യത്യാസം കാണാമെന്ന് നികുഞ്ജ് റാത്തോഡ്. ഫോട്ടോയെടുക്കുമ്പോള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയല്ല ലെന്‍സ് ഒരുക്കുന്നതെന്നും കെട്ടുപാടില്ലാത്ത കുട്ടിക്കാലം പകര്‍ത്താനാണ് തനിക്കിഷ്ടമെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. തന്റെ കുട്ടിക്കാല അനുഭവങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവയാണ് ഈ ഫോട്ടോകളിലെ കുട്ടികള്‍. തെരുവില്‍ നിന്ന് ചിത്രമെടുക്കുമ്പോള്‍ പൊടുന്നനെ സംഭവിക്കുന്ന, പ്രവചിക്കാനാകാത്ത കാര്യങ്ങള്‍ ക്യാമറയില്‍ പതിയും. വ്യക്തിപരമായ അനുഭവങ്ങളും വ്യക്തിത്വവും ജീവിത കാഴ്ചപ്പാടും എടുക്കുന്ന ഫോട്ടോകളില്‍ പ്രതിഫലിക്കും, നികുഞ്ജ് റാത്തോഡ് പറഞ്ഞു.

‘താന്‍ കാണുന്ന കാര്യങ്ങള്‍ സൂക്ഷിച്ചുവെക്കാനും അത് മറ്റുള്ളവരെ കാണിക്കാനുമുള്ള ശക്തമായ ഉപകരണമാണ് തനിക്ക് ക്യാമറ’ എന്നു പറഞ്ഞ ഫോട്ടോഗ്രാഫറുടെ ഫോട്ടോകളെ നോക്കുന്ന ഓരോ ആള്‍ക്കും വ്യത്യസ്തമായിരിക്കും എന്നതാണ് മറ്റൊരു കാര്യം.

DONT MISS
Top