‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’; പിണറായി അധികാരമേല്‍ക്കുമ്പോള്‍ ജിഷ്ണു പ്രണോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ


കൊച്ചി: പിണറായിപ്പോലീസ് ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ട് വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. കാരണമോ തന്റെ മകന്‍ ജിഷ്ണുവിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെന്നതും. ആ അമ്മയെ മര്‍ദിച്ച പൊലീസിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. അപ്പോളാണ് നവമാധ്യമങ്ങളില്‍ ജിഷ്ണുവിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.

പാമ്പാടി നെഹ്‌റു എഞ്ചിനായറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് പിണറായിയുടെ ആരാധകനായിരുന്നുവെന്ന ജിഷ്ണുവിന്റെ അമ്മ മുന്‍പ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് വെറുതേയായിരുന്നില്ലെന്ന് ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വ്യക്തമാക്കുന്നു. പിണറായിയും സിപിഐഎം പരിപാടികളുമാണ് ജിഷ്ണു പ്രണോയിയുടെ ഫെയ്‌സ്ബുക്കിലെങ്ങും. പിണറായി ജിഷ്ണുവിന്റെ ഫെയ്‌സ് ബുക്ക് പേജ് ഒന്ന് കാണണമെന്നും മുന്‍പ് അമ്മ മഹിജ തുറന്ന കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

2016 മെയ് 21ന് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത് പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചായിരുന്നു. ‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലരു കെടന്നു മോങ്ങും, ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും, അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്. ലാല്‍സലാം’ എന്നാണ് പിണറായിയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള പോസ്റ്റിലെ വാക്കുകള്‍. ജിഷ്ണു പ്രണോയ് അവസാനം പോസ്റ്റ് ചെയ്തത് മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്ന ചിത്രമാണെന്ന വാര്‍ത്ത മുന്‍പ് തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.


അവസാനമായി ജിഷ്ണു പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തനം സംഘടിപ്പിച്ച ‘കുറ്റത്തിനാണ്’ മാനേജ്‌മെന്റ് ജിഷ്ണുവിനെ വേട്ടയാടിയതും. ജിഷ്ണുവിന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നുവെന്നും മുന്‍പ് അമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ജിഷ്ണു വീട്ടുകാരെയും അയല്‍വാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് പിണറായിയുടെയും, ഇ കെ വിജയന്‍ എം എല്‍ എയുടെയും ഫോട്ടോ ആയിരുന്നുവെന്നും മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ ‘സഖാവിന്റെ’ അമ്മയെയാണ് പിണറായിപ്പോലീസ് അതിക്രൂരമായി ആക്രമിച്ചിരിക്കുന്നത്. മഹിജയെ കാണാന്‍ താന്‍ പോകുന്നില്ലെന്നാണ് പിണറായി ഇന്ന് വ്യക്തമാക്കിയത്.

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഇന്ന് ഡിജിപി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ഇവരെ പൊലീസ് തടയുകയും ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിക്കുകയും, നിലത്തുകൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു. മ്യൂസിയം എസ്‌ഐയാണ് തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയെയും മര്‍ദ്ദിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. പരിക്കേറ്റ മഹിജയെ പിന്നീട് പേരൂര്‍ക്കട ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപി അരുള്‍ കൃഷ്ണയെ ചുമതലപ്പെടുത്തിയെന്ന് നേരത്തെ പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രാഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

DONT MISS
Top