‘ജിഷ്ണുവിന്റെ അമ്മയുടെ സമരത്തെ തള്ളിപ്പറയാനില്ല’; ജിഷ്ണുവിന് നീതിക്കായുള്ള സമരത്തോടൊപ്പമാണ് സംഘടനയെന്നും എസ്എഫ്‌ഐ

ജിഷ്ണു പ്രണോയ്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ലെന്ന് എസ്എഫ്‌ഐ. അച്ഛനും അമ്മയും നടത്തുന്ന സമരത്തിന്റെ വൈകാരികത എസ്എഫ്‌ഐ മനസിലാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍ വ്യക്തമാക്കി. മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജിന്‍ പറഞ്ഞു. ജിഷ്ണു പ്രണോയുടെ അമ്മയ്ക്ക് പൊലീസ് മര്‍ദനമേറ്റ സാഹചര്യത്തിലാണ് വിജിന്റെ പ്രതികരണം.

അമ്മയുടെ സമരത്തെ എസ്എഫ്‌ഐ തള്ളിപ്പറയില്ല. ആ സമരത്തോടൊപ്പമാണ് തങ്ങളെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാട്. അച്ഛനും അമ്മയും നടത്തുന്ന സമരത്തിന്റെ വൈകാരികതയെ കുറച്ചുകാണുന്നില്ലെന്നും വിജിന്‍ പറഞ്ഞു. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നില്ലേ എന്ന കാര്യവും പരിശോധിക്കണം. ആ രീതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിക്ക് വേണ്ടി ആദ്യം ഇടപെട്ടത് എസ്എഫ്‌ഐയാണ്. ആ ഘട്ടം മുതല്‍ ശക്തമായി തന്നെ ഇടപെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിരുന്നു എന്നത് വസ്തുതയാണെന്നും വിജിന്‍ പറഞ്ഞു. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇപ്പോള്‍ അന്വേഷണസംഘം നന്നായിത്തന്നെ ഇടപെടുന്നുണ്ട്. കിരണ്‍ നാരായണ്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. കൃഷ്ണദാസിനെ വിട്ടയച്ചത് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാലാണെന്നും വിജിന്‍ വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് എസ്എഫ്‌ഐയുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയും അച്ഛനും നടത്തുന്ന സമരത്തെ കുറച്ചുകാണുന്നില്ല
അവരെ അഞ്ച് വട്ടം സന്ദര്‍ശിച്ചയാളാണ് താനെന്നും വിജിന്‍ വ്യക്തമാക്കി. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രസക്തമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയോ എന്ന് പറയേണ്ടത് ഡിജിപിയാണ്. ഇത്തരത്തില്‍ അതിക്രമമുണ്ടായതില്‍ പരിശോധിച്ച് നടപടിയെടുക്കണം. വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നാണെങ്കില്‍ പരിശോധിക്കണമെന്നും വിജിന്‍ വ്യക്തമാക്കി. അന്വേഷണം അട്ടിമറിച്ചുവെന്ന് എസ്എഫ്‌ഐയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ഇവരെ പൊലീസ് തടയുകയും ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിക്കുകയും, നിലത്തുകൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു. മ്യൂസിയം എസ്‌ഐയാണ് തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയെയും മര്‍ദ്ദിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. പരിക്കേറ്റ മഹിജയെ പിന്നീട് പേരൂര്‍ക്കട ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപി അരുള്‍ കൃഷ്ണയെ ചുമതലപ്പെടുത്തിയെന്ന് നേരത്തെ പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രാഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

DONT MISS
Top