പശുക്കളെ കടത്തി എന്നാരോപിച്ച് മുസ്‌ലിം യുവാവിനെ പശുസംരക്ഷകര്‍ മര്‍ദ്ദിച്ചു കൊന്നു

രാജസ്ഥാന്‍: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ പശു സംരക്ഷകര്‍ എന്നവകാശപ്പെടുന്ന സംഘം മര്‍ദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പശുക്കളെ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 15 ആളുകള്‍ അടങ്ങുന്ന സംഘമാണ് 35കാരനായ പെഹലു ഖാന്‍ എന്ന യുവാവിനെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ  യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പശുക്കളുമായി ആറു വണ്ടികളില്‍ സഞ്ചരിച്ചവരില്‍ പെഹലു ഖാനുമുണ്ടായിരുന്നുവെന്ന് അല്‍വാര്‍ ജില്ല കളക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്നവരില്‍ ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും, ബാക്കിയുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.

പശുക്കളെ കടത്തുന്നവര്‍ക്കെതിരെ രാജസ്ഥാന്‍ ബോവിന്‍ ആനിമല്‍ നിയമപ്രകാരം കേസ് എടുക്കുവാന്‍ സാധിക്കും. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി പശുക്കളെ കൊണ്ടുപോകുന്നതിന് പോലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിക്കണം എന്ന സാഹചര്യമാണ് രാജസ്ഥാനില്‍ ഉള്ളത്. എന്നാല്‍ പെഹലു ഖാനും കൂട്ടര്‍ക്കും പശുക്കളെ കടത്താനുള്ള അനുമതി കൈപ്പറ്റിയിരുന്നോ എന്ന് പൊലീസിന് വ്യക്തമാക്കിയിട്ടില്ല.

ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ പൂട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലാകട്ടെ പശുക്കളെ കൊല്ലുന്നതിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പശുക്കളെ കടത്തി എന്നാരോപിച്ച് ഒരാളെ മര്‍ദ്ദിച്ചു കൊന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

DONT MISS
Top