പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാന്‍ നീക്കം; ശ്രീവാസ്തവയുടെ ചരിത്രം ചോദ്യം ചെയ്യപ്പെടുമ്പോള്‍

രമണ്‍ ശ്രീവാസ്തവ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പിന് ഉപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. പല പ്രധാന കേസുകളുടെ അന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും തുടര്‍ച്ചയായി വീഴ്ച പറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യം ആലോചിക്കുന്നത്.

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം, കുണ്ടറയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവം, കൊച്ചിയില്‍ മിഷേലിന്റെ ദുരൂഹമരണം തുടങ്ങി ഒട്ടേറെ കേസുകളെ പൊലീസ് കൈകാര്യം ചെയ്ത രീതി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്ന് വിമര്‍ശനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയും ചെയ്ത കാര്യമാണ്. പൊലീസ് നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണിത്.

പൊലീസ് മേധാവി സ്ഥാനത്തിനിന്നും തന്നെ നീക്കിയതിനെ ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കെ, വിജിലന്‍സ് ഡയറക്ടറുടെ നിയമനം, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രകടനത്തിലുള്ള അതൃപ്തി എന്നിവയും ആഭ്യന്തര വകുപ്പിന് ഉപദേഷ്ടാവിനെ വേണം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ച കാരണങ്ങളാണ്.

എന്നാല്‍, 1991ല്‍ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ഡോ. മുരളീമനോഹര്‍ ജോഷി നയിച്ച, കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകതായാത്ര പാലക്കാട് വഴി കടന്നുപോയപ്പോള്‍ അന്നത്തെ ഉത്തരമേഖലാ ഡിഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവ ഒരു വര്‍ഗീയ കലാപത്തിന്റെ സാധ്യതകളെ തനിക്ക് മുസ്‌ലിം ശവശരീരങ്ങള്‍ വേണം എന്നു പറഞ്ഞാണ് നേരിട്ടത് എന്ന സത്യം കൂടി നിലനില്‍ക്കുന്നുണ്ട്. അന്ന് എഎസ്പി സന്ധ്യയോട് വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെട്ട രമണ്‍ ശ്രീവാസ്തവയുടെ ചരിത്രമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീവാസ്തവയുടെ നിര്‍ദേശമനുസരിച്ച് വെടിയുതിര്‍ത്തപ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം വേണമെന്നാവശ്യപ്പെടുന്ന റാലി കടന്നുപോകുന്ന സാഹചര്യത്തില്‍ സിറാജുന്നീസ എന്ന പതിനൊന്നുകാരിയുടെ തലയിലേക്ക് വെടിയുണ്ട തുളച്ചുകയറി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ അന്വേഷണറിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല.

പൊലീസ് അനാസ്ഥ കൈകാര്യം ചെയ്യാനുള്ള ഉപദേഷ്ടാവിന്റെ പദവിയിലേക്ക് ശവശരീരങ്ങള്‍ കാണണം എന്ന് ആക്രോശിച്ച പൊലീസ് ഓഫീസറെ ഇടതുപക്ഷ മന്ത്രിസഭ പരിഗണിക്കുന്നു എന്നത് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പങ്കുള്ള ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെ രമണ്‍ ശ്രീവാസ്തവയെ കൂടി ആഭ്യന്തരത്തിലേക്ക് പരിഗണിക്കുന്നത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

ശ്രീവാസ്കതവയ്ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

DONT MISS
Top