ബംഗാളികള്‍ ദൈവത്തിന്റെ അവതാരമായ മത്സ്യത്തെ ഭക്ഷിക്കുന്നവര്‍; ടാഗോര്‍ ഹിന്ദ്വത്വ വിരുദ്ധന്‍; ബംഗാളിന്റെ രണ്ട് ശക്തമായ അടയാളങ്ങളുപയോഗിച്ച് ബിജെപി കളി തുടങ്ങി

ഓള്‍ ഇന്ത്യ ഫിഷ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പോസ്റ്റര്‍

കൊല്‍ക്കത്ത: ബംഗാളികളുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് ഘടകങ്ങളാണ് ലോകകവി രബീന്ദ്രനാഥ് ടാഗോറും മീനും. ടാഗോറിന്റെ തത്വശാസ്ത്രവും ഭക്ഷണത്തില്‍ മീനും ഒഴിച്ചുള്ള ജീവിതം ബംഗാളികള്‍ക്ക് അസാധ്യമാണ്. ഇപ്പോള്‍ ഈ രണ്ട് ഘടകങ്ങളിലാണ് ബംഗാളില്‍ ബിജെപിയുടെ ശ്രദ്ധ. ദലിതരെ കയ്യിലെടുക്കാന്‍ ബിജെപി അംബേദ്കര്‍ കാര്‍ഡ് കയ്യിലെടുക്കുന്ന അതേ തന്ത്രം. അഴിമതിയില്‍ ഊന്നിനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ ഇടതുപക്ഷത്തെ തോല്‍പിച്ച് ഏകാധിപത്യപരമായി ഭരണം തുടരുമ്പോള്‍, ഇവിടെ പിടിച്ചു നില്‍ക്കാന്‍ ബിജെപിക്ക് നന്നേ ബുദ്ധിമുട്ടാണ്.

ഗോസുരക്ഷയുമായി ബന്ധപ്പെട്ട് ബംഗാളിലെ ഗ്രാമങ്ങളിലും ഓണ്‍ലൈനിലും ശക്തമായ ക്യാംപെയിന്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  മതംമാറിയ രാമനെ ‘അപഹസിച്ച’ മൈക്കേല്‍ മധുസൂദന്‍ ദത്ത് എന്ന കവിയുടെ കവിതകള്‍ നിരോധിക്കണം എന്നതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മീമുകളില്‍ ഒന്ന്. ടാഗോറിനെ ഹിന്ദുത്വ വിരോധിയും ബ്രിട്ടീഷുകാരുടെ പിമ്പുമായി ചിത്രീകരിക്കുന്ന മീമുകളും ഉണ്ട്. വന്ദേമാതരം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് യഥാര്‍ത്ഥ ഹിന്ദു എന്നും നൊബേല്‍ സമ്മാനം നേടേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു എന്നും ബിജെപി വാദിക്കുന്നു. ഹിന്ദു ബംഗാളികളെ ഉണര്‍ത്താനുള്ള ശ്രമങ്ങളില്‍ ഒന്നു മാത്രമാണ് ഇത്.

മൈക്കേല്‍ മധുസൂദന്‍ ദത്തിനെതിരെയുള്ള പോസ്റ്റര്‍

ഇപ്പോള്‍ ഓള്‍ ഇന്ത്യ ഫിഷ് പ്രൊട്ടക്ഷന്‍ കമ്മിറ്റി എന്ന സംഘടന പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മത്സ്യാവതാരം എന്ന ഹിന്ദു അടയാളം ഉപയോഗിച്ചുകൊണ്ട് മത്സ്യം കഴിക്കുന്നത് ഹിന്ദുത്വ വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കുകയാണ് ഈ സംഘടന. വിഷ്ണുവിന്റെ അവതാരമായ മീനിനെ തിന്നുന്നവര്‍ ദൈവത്തെ തിന്നുകയാണ് എന്നാണ് സംഘടന പറയുന്നത്. ഉത്തരേന്ത്യയിലേതുപോലെ രാമാരാധന ബംഗാളില്‍ തീവ്രമല്ല. ഗോസംരക്ഷണ സംസ്‌കാരം കണക്കെ മത്സ്യസംരക്ഷണ സംസ്‌കാരം ബംഗാളില്‍ ശക്തിപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യവും സംശയമാണ്.

ബംഗാളില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ 17%ല്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ 10% ആയി കുറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഹിന്ദുത്വം പടര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പംചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ബംഗാളിലെ ലിബറല്‍ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ എന്തായാലും ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് പൊതു വിലയിരുത്തല്‍. കാരണം, ബംഗാളികള്‍ വികാരാധീനരാകുന്നത് പലപ്പോഴും മീനിന്റെ പേരിലാണ്.

DONT MISS
Top