ഇനി 200 രൂപ നോട്ടും; നിര്‍ദേശത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഫയല്‍ ചിത്രം

ദില്ലി : 200 രൂപയുടെ നോട്ട് പുറത്തിറക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച നിര്‍ദേശത്തിന് മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായാണ് സൂചന. എന്നാല്‍ പുതിയ നോട്ടിന് കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമാനുമതി ലഭിക്കേണ്ടതുണ്ട്. അതിനുശേഷം ജൂണോടെ നോട്ട് അച്ചടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് , ഹിന്ദുസ്ഥാന്‍ ടൈംസ്, ലിവ് മിന്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതാകും 200 രൂപയുടെ നോട്ടുകളെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ പുതുതായി ഇറക്കിയ 2000, 500 രൂപ നോട്ടുകളുടെയും കള്ളനോട്ടുകള്‍ വ്യാപകമായി ഇറങ്ങിയ പശ്ചാത്തലത്തിലാണ് സുരക്ഷാകോഡുകള്‍ പുനഃക്രമീകരിക്കുന്നത്. എന്നാല്‍ 200 രൂപയുടെ പുതിയ നോട്ടിന് ആര്‍ബിഐ ബോര്‍ഡ് യോഗം അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനോ, വാര്‍ത്ത സ്ഥിരീകരിക്കാനോ ആര്‍ബിഐ വക്താവ് തയ്യാറായിട്ടില്ല.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം നോട്ടുകളാണ് കേന്ദ്രം പിന്‍വലിച്ചത്. പകരം 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നു.

DONT MISS
Top