പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ ഹാഫിസ് സയീദും, സാഖിയുര്‍ റഹ്മാന്‍ ലാഖ്‌വിയും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

ഫയല്‍ ചിത്രം

ഇസ്ലാമാബാദ് : പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ലഷ്‌കര്‍ സ്ഥാപകനായ ഹാഫിസ് സയീദും, സംഘടനയുടെ കശ്മീര്‍ ഓപ്പറേഷന്‍സിന്റെ ചുമതലയുള്ള കമാണ്ടര്‍ സാഖിയുര്‍ റഹ്മാന്‍ ലാഖ്‌വിയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭിന്നതയ്ക്ക് കാരണം എന്തെന്ന് വ്യക്തമല്ല. അഭിപ്രായഭിന്നതയെ തുടര്‍ന്ന് ലാഖ്‌വി തന്നെ അനുകൂലിക്കുന്നവരെ പാക് അധീന കശ്മീരിലേയ്ക്ക് മാറ്റി. വിഘടനവാദി നേതാക്കളെ അടക്കം വധിച്ച് കശ്മീരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക, ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുക തുടങ്ങിയവ ലഷ്‌കര്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കോ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കോ സംഘടനയുടെ പേര് ഉപയോഗിക്കുകയോ, പുറത്തുവരികയോ ചെയ്യരുതെന്ന് ലഷ്‌കര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തെ പ്രാദേശിക ഗ്രൂപ്പുകളാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാനാണ് സംഘടനയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി ക്വിറ്റ് കശ്മീര്‍ മൂവ്‌മെന്റ് എന്ന പേരില്‍ ലഘുലേഖകളും സംഘടന പ്രചരിപ്പിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകളുടെ സംഘര്‍ഷത്തിലൂടെ കശ്മീര്‍ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നും ലഷ്‌കര്‍ ഇ തയ്ബ കണക്കുകൂട്ടുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരാണ് സാഖിയുര്‍ റഹ്മാന്‍ ലാഖ് വിയും ഹാഫീസ് സയീദും. ഇന്ത്യ വിട്ടുതരണമെന്നാവശ്യപ്പെട്ട ഹാഫിസ് സയീദിനെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

അതിനിടെ മറ്റൊരു പാക് തീവ്രവാദ സംഘടനയായ തെഹ്‌രീക് ഇ- മുജാഹിദ്ദീന്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടി തുടങ്ങിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. മൗലാന ഷൗക്കത്ത് വധക്കേസില്‍ ജയിലിലായിരുന്ന ജാവേദ് മുന്‍ഷി എന്ന ബില്‍പാപ ജാമ്യത്തിലിറങ്ങിയതോടെയാണ് സംഘടന പുനരുജ്ജീവിപ്പിക്കാനുള്ള നടപടി ആരംഭിച്ചത്. കശ്മീരിലെ ഏതെങ്കിലും വിഘടനവാദി നേതാവിനെ വധിച്ച് മേഖലയെ വീണ്ടും രക്തരൂക്ഷിതമാക്കാനാണ് തെഹ്‌രീക് ഇ- മുജാഹിദ്ദീന്റെ പദ്ധതി.

രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ കഴിഞ്ഞവര്‍ഷം 371 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 88 കശ്മീരി യുവാക്കളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

DONT MISS
Top