സഖാവിനായി തലശ്ശേരിയില്‍ നിവിന്‍ പോളിയുടെ റോഡ് ഷോ; ചെങ്കടലു പോല്‍ ആര്‍ത്തിരമ്പി ആരാധകരും

സഖാവ് കൃഷ്ണന്‍കുട്ടിയായി നിവിന്‍ പോളിയെത്തുന്ന പുതിയ ചിത്രം സഖാവിന്റെ പ്രചാരണാര്‍ത്ഥം തലശ്ശേരിയില്‍ നിവിന്‍ പോളിയുടെ റോഡ് ഷോയ്ക്ക് തുടക്കം. ചുവപ്പിന്റെ കൂട്ടുകാരനായ കൃഷ്ണന്‍കുട്ടിയായ നിവിന്‍ പോളിയെത്തുമ്പോള്‍ ചിത്രത്തിന്റെ പ്രചരണത്തിന് തുടക്കം കുറിച്ചത് ഇടത് കോട്ടയായ തലശ്ശേരിയില്‍ തന്നെ. ഇന്ന് രാവിലെ പത്ത് മണിയോടെ തലശ്ശേരിയില്‍ അഡ്വക്കേറ്റ് ഷംസീര്‍ എംഎല്‍എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരിക്കൊപ്പമാണ് നിവിന്‍ പോളി തലശ്ശേരിയിലെത്തിയത്. ആരാധകരുടെ സ്‌നേഹവായ്പ്പ് ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരത്തിന് പിന്നീടുള്ള സ്വീകരണം ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസിലുമാണ്. ഇന്ന് വൈകുന്നേരത്തോടെ വടകരയിലാണ് റോഡ് ഷോ സമാപിക്കുന്നത്.

ഇരട്ട ഗെറ്റപ്പിലാണ് സഖാവില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ശിവയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആദര്‍ശ ധീരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായും നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ സൂചനയാണ് ട്രെയിലര്‍ തരുന്നത്. രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

നിവിന്റെ താടിയും മുടിയും വളർത്തിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി, ജോജോ, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ജോര്‍ജ് വില്യംസ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം,പ്രശാന്ത് പിള്ളയാണ് സംഗീതം. ഏപ്രില്‍ 15നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്. ഒരു വര്‍ഷത്തിലേറെയുള്ള ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രവുമാണ് സഖാവ്.

DONT MISS
Top