മിയാമിയില്‍ ഇന്ന് ഫെഡറര്‍-നദാല്‍ സ്വപ്ന ഫൈനല്‍

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററും സ്‌പെയിന്‍ താരം റാഫേല്‍ നദാലും ഏറ്റുമുട്ടും. വൈകിട്ട് ആറുമണിക്കാണ് ഫൈനല്‍. സെമിയില്‍ ഓസീസ് താരം നിക്ക് കിര്‍ഗിയോസിനെ ഫെഡറര്‍ മറികടന്നപ്പോള്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചാണ് നദാല്‍ എത്തിയത്. ഈ വര്‍ഷം ഫെഡററും നദാലും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ പോരാട്ടമാണ് മിയാമിയിലേത്.

നദാല്‍ തന്റെ ആദ്യകിരീടമാണ് ഇത്തവണ മിയാമിയില്‍ ലക്ഷ്യം വെക്കുന്നത്. ഫെഡറര്‍ തന്റെ രണ്ടാമത്തേയും. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെഡറര്‍ ഇവിടെ കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്. ഇതിന് മുന്‍പ് 2005 ല്‍ മാത്രമാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത്. അന്ന് കിരീടം നേടുകയും ചെയ്തിരുന്നു.

വര്‍ഷത്തെ ആദ്യഗ്രാന്റ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലായിരുന്നു ഇരുതാരങ്ങളും ആദ്യം പോരാടിയത്. അഞ്ച് സെറ്റ് നീണ്ടമാരത്തോണ്‍ ഫൈനലില്‍ സ്വിസ് ഇതിഹാസം ഫെഡറര്‍ വിജയം കണ്ടു. പിന്നീട് ഇന്ത്യന്‍ വെല്‍സ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറിലായിരുന്നു ഇവര്‍ നേര്‍ക്കുനേര്‍ വന്നത്. അവിടെ ഫെഡറര്‍ ഏകപക്ഷീയമായ വിജയം കരസ്ഥമാക്കി. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡെക്‌സിന്റെ വിജയം.

എന്നാല്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 30 കാരനായ നദാല്‍ മുന്നിട്ട് നില്‍ക്കുന്നു. 36 തവണയാണ് ഇരുവരും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 23 തവണയും വിജയം ഇടംകൈയ്യന്‍ താരം നദാലിനൊപ്പം നിന്നു. ഫെഡറര്‍ക്ക് ജയിക്കാനായത് 13 മത്സരങ്ങള്‍ മാത്രം. മിയാമി ഓപ്പണ്‍ ഫൈനല്‍ ഇരുവരും തമ്മിലുള്ള മുപ്പത്തിയേഴാം മത്സരമാണ്. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളിലും വിജയം നേടാന്‍ കഴിഞ്ഞത് ഫെഡറര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. മാത്രവുമല്ല, മിയാമിയില്‍ ഇരുവരും ഏറ്റുമുട്ടിയ ഏക ഫൈനലില്‍ ഫെഡറര്‍ വിജയം നേടുകയും ചെയ്തിട്ടുണ്ട്. 2005 ലായിരുന്നു ഇത്.

മിയാമി ഓപ്പണില്‍ ഇരുതാരങ്ങളുടേയും പ്രകടനം അത്രമികച്ചതല്ല. പ്രത്യേകിച്ച് നദിലന്റെത്. പതിമൂന്ന് തവണ പങ്കെടുത്തതില്‍ അഞ്ച് വട്ടം നദാല്‍ ഫൈനലില്‍ എത്തി. എന്നാല്‍ ഒരിക്കല്‍പോലും കിരീടം നേടാന്‍ സാധിച്ചില്ല. 2005 ല്‍ ഇരുവരും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നു. അപ്പോള്‍ കിരീടം ഫെഡറര്‍ കരസ്ഥമാക്കി. 2011 ലും 14 ഉം നോവാക് ദ്യോകോവിച്ചിനോടും 2008 ല്‍ നിക്കോളാസ് ഡാവിഡിങ്കോയോടും നദാല്‍ തോറ്റു.

DONT MISS
Top