ടെന്നീസില്‍ വീണ്ടും ക്ലാസിക് പോരാട്ടം; മിയാമി ഓപ്പണ്‍ ഫൈനലില്‍ ഫെഡറര്‍-നദാല്‍ അങ്കം

ഫയല്‍ ചിത്രം

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് കിങ് റാഫേല്‍ നാദാലും ഏറ്റുമുട്ടും. ഫെഡറര്‍ സെമിയില്‍ ഓസീസ് താരം നിക്ക് കിര്‍ഗിയോസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയപ്പോള്‍ നദാല്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഫെഡററും നദാലും ഏറ്റുമുട്ടുന്നത്.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ക്ക് ഫൈനല്‍ പ്രവേശനം സാധ്യമായത്. മൂന്ന് സെറ്റുകളും ടൈ ബ്രേക്കറിലാണ് നിശ്ചയിക്കപ്പെട്ടത്. സ്‌കോര്‍ 7-6 (11-7), 6-7 (9-11), 7-6 (7-5). ആദ്യ സെറ്റിന്റെഏഴാം ഗെയിമില്‍ ഫെഡററെ ബ്രേക്ക് ചെയ്ത് മുന്നിലെത്തിയ കിര്‍ഗിയോസ് പക്ഷെ പത്താം ഗെയിമില്‍ ബ്രേക്ക് വഴങ്ങി മുന്‍തൂക്കം കൈവിട്ടു. ടൈബ്രേക്കറിലും ഫെഡററെ ബ്രേക്ക് ചെയ്‌തെങ്കിലും സ്വിസ് താരത്തിന്റെ പരിചയസമ്പത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കിര്‍ഗിയോസിന് സാധിച്ചില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ ഓസീസ് താരം തിരിച്ചടിച്ചു. ടൈബ്രേക്കറില്‍ ആദ്യ സെറ്റിന് സമാനമായ രീതിയില്‍ വിജയം നേടി മത്സരം വീറുറ്റതാക്കി. മൂന്നാം സെറ്റും ടൈബ്രേക്കറിലാണ് നിര്‍ണിയിക്കാന്‍ സാധിച്ചത്. ഇവിടെ വ്യക്തമായ മുന്‍തൂക്കത്തോടെ ഫെഡറര്‍ വിജയവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി.

നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡറര്‍ ഇവിടെ കലാശക്കളിക്ക് അര്‍ഹത നേടുന്നത്. നാലം തവണയാണ് ഫെഡറര്‍ മിയാമി ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. നേരത്തെ 2006 ല്‍ മാത്രമാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, മിയാമി ഓപ്പണ്‍ എന്നിവ ഒന്നിച്ച് നേടിയത്. ആ നേട്ടം വീണ്ടും ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് സ്വിസ് താരത്തിന് കൈവന്നിരിക്കുന്നത്. ഒപ്പം മറ്റൊരു നാഴികക്കല്ലും ഫെഡറര്‍ തന്റെ പേരിലാക്കി. ഏറ്റവും കൂടുതല്‍ (44) മാസ്റ്റേഴ്‌സ് 1000 ഫൈനല്‍ കളിക്കുന്ന താരമെന്ന ബഹുമതിയാണ് ഫെഡറര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. 43 ഫൈനലുകള്‍ കളിച്ചിട്ടുള്ള നൊവാക് ദ്യോകോവിച്ചിനെയാണ് ഇക്കാര്യത്തില്‍ പിന്തള്ളിയത്.

രണ്ടാം സെമിയില്‍ സ്പാനിഷ് വീര്യവുമായെത്തിയ നദാല്‍ ഏകപക്ഷീയമായ വിജയത്തോടെയാണ് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-1, 7-5. ആദ്യ സെറ്റ് നിഷ്പ്രയാസം സ്വന്തമാക്കിയ നദാല്‍ രണ്ടാം സെറ്റില്‍ അല്‍പം വിഷമിച്ചെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ തടസം ഒന്നുമുണ്ടായില്ല. 7-5 ന് സെറ്റും മത്സരവും മുന്‍ലോക ഒന്നാം നമ്പര്‍ കരസ്ഥമാക്കി.

നേരത്തെ ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറിലും ഫെഡററും നദാലും ഏറ്റുമുട്ടിയിരുന്നു. രണ്ട് മത്സരങ്ങളിലും സ്വിസ് ഇതിഹാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ കിരീട ധാരണം. എന്നാല്‍ ഇന്ത്യന്‍ വെല്‍സില്‍ ഏകപക്ഷീയമായ വിജയമായിരുന്നു ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ നേടിയത്. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡെക്‌സിന്റെ വിജയം.

DONT MISS
Top