ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ; അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇന്നു മുതല്‍ പിഴ

ദില്ലി: പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും അടക്കം ബാങ്കിംഗ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് കുത്തനെ ഉയര്‍ത്തി എസ്ബിഐ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇന്നു മുതല്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും പുറമേ 14.5% സേവനനികുതിയും അടക്കണം.

ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍നിന്നു പത്തുരൂപയാക്കി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ 20 രൂപ ഈടാക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന തുടങ്ങിയ പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്. 2012ല്‍ പിന്‍വലിച്ച സര്‍വ്വീസ് ചാര്‍ജുകളാണ് എസ്ബിഐ തിരികെ കൊണ്ടുവന്നിരിക്കുന്നത്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ അതിനുമുണ്ട് പിഴ. അക്കൗണ്ടുള്ള ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ തരം തിരിച്ചാണ് ഈ പിഴ. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കില്‍ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല. നഗരപ്രദേശങ്ങളില്‍ 300 രൂപയാണ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് ഇല്ലെങ്കില്‍ 40 രൂപ മുതല്‍ 80 രൂപ വരെ പിഴ ഉണ്ടാവും. കേരളത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ ഇത് ബാധകമാണ്. പാല, കരുനാഗപ്പള്ളി പോലെയുള്ള അര്‍ധനഗരങ്ങളില്‍ 2000 രൂപയാണ് മിനിമം ബാലന്‍സ്. ഇല്ലെങ്കില്‍ 25 മുതല്‍ 50 രൂപ വരെയാണ് പിഴ. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തിയില്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെ പിഴ ഈടാക്കും.

25000 രൂപയില്‍ താഴെ ബാലന്‍സ് ബാങ്ക് അക്കൗണ്ട് ഉളളവര്‍ക്ക് ബാങ്ക് ശാഖയില്‍ നിന്നും രണ്ട് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടില്‍ കൂടുന്ന ഇടപാടകള്‍ക്ക് 50 രൂപയാണ് എസ്ബിഐ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്. മുന്‍പ് നാല് തവണ സൗജന്യം സേവനം നല്‍കിയിടത്തു നിന്നാണ് ഈ ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചത്. ഇനി എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാസത്തില്‍ മൂന്നു തവണയിലേറെ പണം നിക്ഷേപിച്ചാലുമുണ്ട് സര്‍വ്വീസ് ചാര്‍ജ് 50 രൂപയാണ് അധികം വരുന്ന ഇടപാടുകള്‍ക്ക് ഈടാക്കുക.

ബാങ്ക് ഉപഭോക്താക്കളെ പിഴിഞ്ഞു കൊണ്ടുള്ള സര്‍വ്വീസ് ചാര്‍ജ് എന്ന ഇരുട്ടടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ചുമത്താനുള്ള എസ്ബിഐ നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് അവകാശദിനമായി പ്രതിഷേധ സമരം നടത്താനാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ തീരുമാനം.

DONT MISS
Top