കൊട്ടിയൂര്‍ പീഡനം; പതിനാറുകാരിപ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതു തന്നെയെന്ന് ഡിഎന്‍എ ഫലം

ഫാദര്‍ റോബിന്‍

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ പ്ലസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയുടേത് തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്. റോബിന്റേയും പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വൈദികന്റെ നിര്‍ദ്ദേശ പ്രകാരം തൊക്കിലങ്ങാടി ആശുപത്രിയില്‍ നിന്നും വൈത്തിരിയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം സംഭവം പുറ്ത്തായതോടെ പേരാവൂര്‍ എസ്‌ഐ പി കെ ദാസ് അനാഥ മന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ പൊലീസ് സംരക്ഷണത്തിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഫെബ്രുവരി പതിനേഴിനാണ് കൊട്ടിയൂരില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ നീണ്ടുനോക്കി പള്ളിവികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ റോബിനെ വികാരി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. സംഭവത്തില്‍ എല്ലാ പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പേരാവൂര്‍ സി ഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാണ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

DONT MISS
Top