ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി ഇവാന്‍ക ട്രംപ് ചുമതലയേറ്റു

ഇവാന്‍ക ട്രംപ്

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി മകള്‍ ഇവാന്‍ക ട്രംപ് ചുമതലയേറ്റെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ്സ് ഇടപാടുകള്‍ കൊണ്ട് നടക്കുന്നതിന് പിന്നാലെയുള്ള ചുമതലയ്ക്ക് ഇവാന്‍ക ട്രംപ് വേതനം വാങ്ങുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവാന്‍കാ ട്രംപിന്റെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ ജാരെദ് കുഷ്‌നര്‍ ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ പ്രസിഡന്റിന്റെ ഉപദേഷ്ട സ്ഥാനം സ്വീകരിച്ചിരുന്നു. ഇതോടെ അമേരിക്കന്‍ പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്ന സ്ഥാനമാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇഷ്ടക്കാര്‍ തിരുകി കയറി എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇവാന്‍കയുടെയും ഭര്‍ത്താവിന്റെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് വഴി ഭരണ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുവാന്‍ സാധിക്കുമെന്നും ഇരുവര്‍ക്കും വേതനം നല്‍കാത്തത് വൈറ്റ് ഹൗസിന്റെ സുതാര്യത നിലനിറുത്തുവാന്‍ വഴിയൊരുക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഭരണത്തിലും വൈറ്റ് ഹൗസിലേയും സ്ഥിരം സാന്നിധ്യമായി മോഡലായ ഇവാന്‍ക ട്രംപ് മാറിയിരുന്നു. ട്രംപ് മറ്റ് വിദേശ രാജ്യ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലെ ഇവാന്‍ക ട്രംപിന്റെ സാന്നിദ്ധ്യം രാജ്യ ഭരണം ബിസിനസ്സായി മാറ്റുന്നു എന്ന ആരോപണത്തിനാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ഇവാന്‍കയെ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.

DONT MISS
Top