മന്ത്രിയെ വിളിച്ചത് പരാതിക്കാരിയല്ല, മാധ്യമപ്രവര്‍ത്തക തന്നെ; മാപ്പപേക്ഷിച്ച് വിവാദചാനല്‍ രംഗത്ത്

അജിത്കുമാറും ശശീന്ദ്രനും

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ രാജിവെപ്പിച്ച ഫോണ്‍ സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ച് വിവാദ ചാനല്‍ രംഗത്ത്. ചാനല്‍ സിഇഒ അജിത്ത് കുമാറാണ് ചാനലിലൂടെ തന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഏറ്റെടുത്ത് ചെയ്തതെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. സ്റ്റിംഗ് ഓപ്പറേഷനായിരുന്നു അതെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി.

വാര്‍ത്തയുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ ചൂണ്ടിക്കാട്ടിയ ചില പിശകുകളുണ്ട്. ഒന്നാമതായി വാര്‍ത്ത പൂര്‍ണ്ണ രൂപത്തില്‍ അല്ല നല്‍കിയത് എന്നതാണ്. മറ്റൊന്ന് മുന്‍ കരുതലുകളില്ലാതെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയത് എന്നും. അവയെല്ലാം തങ്ങളുടെ പിശകാണെന്ന് തിരിച്ചറിയുന്നു.

വാര്‍ത്ത പുറത്തുവന്നതിനുശേഷം സോഷ്യല്‍ മീഡിയയിലും മറ്റും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തക സംഘടനകള്‍ക്കും പ്രത്യേകിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

സാധാരണ മാധ്യമപ്രവര്‍ത്തനത്തില്‍ കാണാറുള്ള സ്റ്റിങ് ഓപ്പറേഷനാണ് ഇത.് നേരത്തേ വെളിപ്പെടുത്താതിരുന്നത് അതില്‍ പങ്കെടുത്തവരുടെ ഐഡന്റിറ്റി പുറത്താകാതിരിക്കാനാണ്. അത് നേരത്തേ തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചില പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയെ നിര്‍ബന്ധപൂര്‍വം സ്റ്റിങ് ഓപ്പറേഷന് വിട്ടു എന്നതാണത്. അത് സത്യമല്ല. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ എഡിറ്റോറിയല്‍ ടീം കൂട്ടായി എടുത്ത തീരുമാനമാണിത്. മാധ്യമ പ്രവര്‍ത്തക സ്വയം ഏറ്റെടുത്ത് ചെയ്തത്. മറ്റുപലരും് അറിഞ്ഞിരുന്നില്ല. വ്യജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. ജുഡീഷ്യല്‍ അന്വേഷകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താന്‍ ഇരുന്നതാണ് ഇവയെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ചാനല്‍ തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും അജിത്ത് കുമാര്‍ പറയുന്നു.

എകെ ശശീന്ദ്രനെ കുടുക്കാന്‍ ഹണി ട്രാപ്പ് നടന്നു എന്ന രീതിയിലുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ രാത്രിയിലെ എഡിറ്റേഴ്‌സ് അവറില്‍ അവതാരകനായ അഭിലാഷിന്റെ നേരിട്ടുള്ള ചോദ്യത്തിന് മുന്നില്‍ അജിത്ത് കുമാര്‍ പതറിയിരുന്നു. നവമാധ്യമങ്ങളില്‍ ചാനല്‍ തന്നെയാണ് ഹണിട്രാപ്പിന് പിന്നിലെന്ന് സ്ഥാപിക്കാന്‍ പലരും ഈ ഉത്തരംമുട്ടല്‍ ആയുധമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ‘എന്റെ ചോര തിളയ്ക്കുന്നു’ പരിപാടിയില്‍ ശശീന്ദ്രന്റെ ശബ്ദമല്ല അതെന്ന് തെളിയിച്ചാല്‍ ചാനല്‍ അടച്ചുപൂട്ടുമെന്നും, മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്നും അജിത്ത്കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു എഡിറ്റേഴ്‌സ് അവറില്‍ അഭിലാഷ്‌മോഹന്റെ ചോദ്യം. ചാനലുമായി ബന്ധമുള്ള ആരുടെയെങ്കിലും നേതൃത്വത്തിലോ, ചാനലിലെ മാധ്യമപ്രവര്‍ത്തക വഴിയോ ആണ് ഈ ഓഡിയോ സംഘടിപ്പിച്ചതെന്ന ആരോപണം അഭിലാഷ് ചൂണ്ടിക്കാട്ടി. ഹണി ട്രാപ്പാണെന്ന് തെളിഞ്ഞാല്‍, മാധ്യമപ്രവര്‍ത്തനവും ചാനലും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു നേരിട്ടുള്ള ചോദ്യം. അപ്പോളും ശബ്ദം മന്ത്രിയുടേതല്ലെങ്കില്‍ പൂട്ടുമെന്നായിരുന്നു അജിത്തിന്റെ വിശദീകരണം. ചോദ്യം അഭിലാഷ് അഞ്ചോ ആറോ വട്ടം ആവര്‍ത്തിച്ചിട്ടും യേസ് അല്ലെങ്കില്‍ നോ പറയാന്‍ അജിത്ത് തയ്യാറായില്ല. ഉരുണ്ടുകളിച്ച അജിത്ത് ഈ പ്രഖ്യാപനം നടത്താന്‍ തയ്യാറായേ ഇല്ല.

ഹണിട്രാപ്പ് നടന്നിട്ടില്ലെന്ന് ഉറപ്പാണെന്നും ജുഡീഷ്യല്‍ കമ്മീഷനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നുമാണ് ആവര്‍ത്തിച്ച് അജിത്തകുമാര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹണിട്രാപ്പാണെന്ന് തെളിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുമോ എന്ന് വീണ്ടും ചോദിച്ചെങ്കിലു അജിത്ത് കുമാര്‍ പ്രതികരിച്ചില്ല. ഇല്ലാത്ത ആരോപണത്തെക്കുറിച്ച് താനെന്തിന് അഭിപ്രായം പറയണമെന്ന ദുര്‍ബലന്യയവാദമുന്നയിച്ചായിരുന്നു അജിത്തിന്റെ പേരാട്ടം. ചാനലില്‍ നടന്നത് എന്താണെന്ന് എവിടെയും തുറന്നു പറയാതെ ഉരുണ്ടുകളിച്ച അജിത്ത് കുമാറിന് കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് തുറന്നു പറയാതെ രക്ഷയില്ലാതാകുകയായിരുന്നു.

DONT MISS
Top