‘മഹാരാജാസിലെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്’; മുണ്ട് മടക്കിക്കുത്തി പഞ്ച് ഡയലോഗും കട്ടക്കലിപ്പുമായി സഖാവ് ദുല്‍ഖര്‍

ടീസറില്‍ നിന്ന്

അമല്‍നീരദ് ചിത്രമായ സിഐഎയുടെ ടീസര്‍ പുറത്തിറങ്ങി. പൊലീസുകാരനോട് കട്ടക്കലിപ്പില്‍ ഭീഷണി മുഴക്കുന്ന ദുല്‍ഖര്‍സല്‍മാനാണ് വീഡിയോയിലുള്ളത്. കിടിലന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറും, പഞ്ച് ഡയലോഗുമുള്ള ടീസര്‍ നവമാധ്യമങ്ങളില്‍ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

മഹാരാജാസിലെ മുന്‍വിദ്യാര്‍ത്ഥിയായ പൊലീസ് ഉദ്യോഗസ്ഥന് ദുല്‍ഖര്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് ടീസറിലുള്ളത്. ‘മനോജ് സാറ് മഹാരാജാസ് കോളേജിലെ പഴയ കെഎസ്‌ക്യൂക്കാരനായിരുന്നില്ലേ?, അവിടുത്തെ എസ്എഫ്‌ഐ പിള്ളേരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്’ എന്നുപറഞ്ഞുകൊണ്ട് കോളേജിന്റെതെന്ന് തോന്നുന്ന ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന ദുല്‍ഖര്‍ ഇതിനകം തന്നെ കയ്യടി നേടിക്കഴിഞ്ഞു. മിനുട്ടുകള്‍കൊണ്ട് തന്നെ ലക്ഷക്കണക്കിനാളുകളാണ് ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെ വീണ്ടും മഹാരാജാസും എസ്എഫ്‌ഐ-കെഎസ്യു അടിയുമെല്ലാം സ്‌ക്രീനിലെത്തുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

പ്രണയവും തമാശയും വിപ്ലവവുമെല്ലാം ഒത്തുചേരുന്ന അമല്‍നീരദ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഡിക്യു ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. അവരെ ആവേശത്തിലാഴ്ത്തുന്നതാണ് പുതിയ ടീസര്‍. താടിവെച്ച് മുണ്ട് മടക്കിക്കുത്തി നീങ്ങുന്ന ദുല്‍ഖര്‍ സിനിമയിലെ കലിപ്പ് സഖാവിനെത്തന്നെയാണ് സൂചിപ്പിക്കുന്നത്. തന്റെ പ്രണയത്തിനായി അമേരിക്കയിലേക്ക് പോകുന്ന സഖാവിന്റെ കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിഐഎ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ പാവാടയുടെ കഥ ഷിബിന്റേതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു ഛായാഗ്രാഹണം നിര്‍വഹിക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വന്‍ഹിറ്റായിരുന്നു

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹ്യൂജ് ജാക്ക്മാന്റെ ലോഗന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആകഷന്‍ കോറിയോഗ്രാഫര്‍ മാര്‍ക്ക് ഷാവറിയ തന്നെയായിരിക്കും മലയാള ചിത്രം സിഐഎ യുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. മാര്‍ക്ക് ഷാവറിയ സംഘടനരംഗങ്ങള്‍ ഒരുക്കിയ ലോഗന്‍ എന്ന ചിത്രത്തിന് എല്ലാ ആശംസകളും നല്‍കികൊണ്ട് അമല്‍ നീരദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്.

കേരളത്തിന് പുറമെ മെക്‌സിക്കോയിലും ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ്, കാര്‍ത്തിക മുരളീധരന്‍ എന്നിവരും അണിനിരക്കുന്നു. അമല്‍ നീരദും, അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.

DONT MISS
Top