“അവള്‍ അഭിനയിക്കട്ടെ ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കൊള്ളാം” നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റി ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍, നസ്രിയാ നസീം

വിവാഹത്തിന് ശേഷം നായികമാര്‍ അഭിനയം നിര്‍ത്തുന്നത് മലയാളികളെ സംബന്ധിച്ച് ഒരു പുതുമയല്ല. നന്നെ ചെറുപ്പത്തില്‍ സിനിമയിലേക്ക് വരിക, പത്ത് പതിനഞ്ച് കൊല്ലം അഭിനയിച്ച് കരിയറിന്റെ ഉച്ചിയില്‍ എത്തുമ്പോള്‍ ഒരു ഡോക്ടര്‍, അല്ലങ്കില്‍ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, അല്ലെങ്കില്‍ സിനിമയിലെ ഒരു സഹപ്രവര്‍ത്തകനെ വിവാഹം ചെയ്ത് വീട്ടിലിരിക്കുക. ഇതെല്ലാം മലയാള സിനിമയെ നിരീക്ഷിക്കുന്ന പ്രേക്ഷകര്‍ കാണാറുള്ള സ്ഥിരം കാഴ്ച്ചകളാണ്.

മലയാളികളുടെ പ്രിയ ജോടികളായ ഫഹദ്-നസ്രിയയെക്കുറിച്ചും ഇത്തരം മുന്‍വിധികളാണ് സിനിമ പ്രേമികള്‍ വച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഫഹദ് നല്‍കിയ മറുപടി പരമ്പരാഗത ഉത്തരങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു “ഞാന്‍ ഒരിക്കലും നസ്രിയയെ പൂട്ടിയിട്ടിരിക്കുകയല്ല. അവള്‍ നല്ലൊരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. നസ്രിയ അഭിനയിക്കുമ്പോള്‍ ഞാന്‍ വീട്ടിലിരുന്നോളാം. വീട് നോക്കിക്കോളാം”

ഒരുമിച്ച് അഭിനയിക്കുന്നതിനെ പറ്റി ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. കിടക്കയില്‍ നിന്നുമെഴുന്നേറ്റ് മേക്കപ്പ് ഇട്ടു വാ നമുക്ക് അഭിനയിക്കാം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും. അവള്‍ക്ക് അഭിനയിക്കാന്‍ തോന്നുമ്പോള്‍ ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കികൊള്ളാം എന്നും ഫഹദ് പ്രതികരിച്ചു. നസ്രിയ ഒരു ഉത്തമയായ ഭാര്യയാണ്. എന്നെ പോലെയൊരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ നസ്രിയ നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ഒാഗസ്റ്റ് 21നാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. കല്യാണത്തിന് ശേഷം മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നസ്രിയ അഭിനയ ജീവിതത്തില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണ്.

DONT MISS
Top