വലയിലായ ‘ഭീമന്‍’ എന്ത് തരം മത്സ്യം എന്നറിയാതെ നാട്ടുകാര്‍ കുഴങ്ങി; പിടിയിലായത് കടലിലെ കൊമ്പന്‍

പിടിയിലായ കൊമ്പന്‍ സ്രാവ്

രണ്ടുദിവസം മുമ്പ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കുടുങ്ങിയ ‘ഭീകരനെ’ കണ്ടവരെല്ലാം അതിശയിച്ചു. മീന്‍ പിടുത്തക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു മീനിനെയാണ് അവര്‍ക്ക് ലഭിച്ചതും. നല്ല വലിപ്പം. സ്രാവാണെന്ന് പറയാം. എന്നാല്‍ ഉറപ്പിച്ചുപറയാനും സാധിക്കില്ല. കാരണമെന്തെന്നല്ലേ, സ്രാവിന്റെ മുന്‍ഭാഗത്ത് അറക്കവാള്‍ പോലെ ഒരു അവയവം കാണപ്പെടുന്നത് അവരെ തീരുമാനത്തിലെത്താന്‍ വിഷമിപ്പിച്ചു.

എന്നാല്‍ വിദഗ്ധര്‍ എത്തിയതോടെ ഭീകരനെ തിരിച്ചറിഞ്ഞു. ‘സോഫിഷ്’ എന്നറിയപ്പെടുന്ന മൂക്കുനീണ്ട സ്രാവാണ് ഈ താരം. ‘കൊമ്പന്‍ സ്രാവ്’ എന്ന് മലയാളത്തില്‍ വിളിക്കാം. അതീവ വംശനാശ ഭീഷണിയാണ് ഈ ജീവി നേരിടുന്നത്. പിടികൂടുന്നത് ഗുരുതരമായ കുറ്റവുമാണ്. എന്നാല്‍ ഈ മത്സത്തെ മനപൂര്‍വം പിടികൂടുകയായിരുന്നില്ല എന്ന കാരണത്താല്‍ കുറ്റകൃത്യമായി കണക്കാക്കാതെ വില്‍ക്കുകയാണ് ചെയ്തത്. ഒന്നര ലക്ഷം രൂപയാണ് കൊമ്പന് വിപണിയില്‍ ലഭിച്ചത്.

പതിനഞ്ച് അടി നീളമുണ്ടായിരുന്ന കൊമ്പന് 700 കിലോയാണ് ഭാരമുണ്ടായിരുന്നത്. സാധാരണ വലയില്‍ കുടുങ്ങിയാല്‍ വലയറുത്ത് ഇത്തരം ജീവികള്‍ രക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ കുടുങ്ങിയ കൊമ്പന്‍ സ്രാവിന്റെ നീണ്ട മൂക്ക് ഉള്‍പ്പെടെ കുടുങ്ങിപ്പോയിരുന്നു. ഇത്രയും വില മത്സ്യത്തിനുണ്ട് എന്ന് ഏവരും മനസിലാക്കിയ സ്ഥിതിക്ക് കൊമ്പനെ ആളുകള്‍ വേട്ടയാടുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.

DONT MISS
Top