എസ്ബിഐ ലയനത്തോടനുബന്ധിച്ച് ആറായിരത്തിലധികം ജീവനക്കാര്‍ സ്വയം വിരമിക്കുവാന്‍ സാധ്യത

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുമെന്ന് ഉറപ്പായി. ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒന്നിലധികം സ്റ്റേറ്റ് ബാങ്കുകള്‍ പൂട്ടുമെന്നാണ് സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിന്നും ആറായിരത്തിലധികം ജീവനക്കാര്‍ സ്വയം വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് അനുബന്ധ ബ്രാഞ്ചുകളിലെ 12000 ജീവനക്കാര്‍ക്ക് മാത്രമേ നിലവില്‍ സ്വയം വിരമിക്കല്‍ ആനുകൂല്യത്തിനായി അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളു.

ജീവനക്കാര്‍ക്ക് നിലവില്‍ ഏപ്രില്‍ അഞ്ച് വരെയാണ് സ്വയം വിരമിക്കല്‍ ആനുകൂല്യത്തിനായി അപേക്ഷിക്കുവാന്‍ അവസരം ഒരുക്കിയിട്ടുള്ളത്. ഇതുവഴി എത്രപേര്‍ ആനുകൂല്യത്തിനായി അപേക്ഷിക്കുമെന്നത് കണ്ടറിയാമെന്നാണ് എസ്ബിഐ എംഡി ദിനേഷ് ഖാര വ്യക്തമാക്കുന്നത്. എസ്ബിഐയില്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് സ്വയം വിരമിക്കല്‍ ആനുകൂല്യം ഒരുക്കിയിട്ടുള്ളത്. വിരമിക്കുന്നവര്‍ക്ക് എക്‌സ് ഗ്രേഷ്യ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ബാങ്കുകളില്‍ 45ആം സ്ഥാനത്തേക്കാണ് എസ്ബിഐ ഉയരുന്നത്. ഒട്ടനവധി ജീവനക്കാരും എസ്ബിഐക്ക് കീഴില്‍ വരുന്നതിനാല്‍ ഓരോ വര്‍ഷവും പതിനായിരം ആളുകള്‍ക്ക് മാത്രമേ പുതുതായി തോഴില്‍ അവസരങ്ങള്‍ നല്‍കുകയുള്ളുവെന്ന്‍ എസ്ബിഐ ചെയര്‍മാന്‍ അരുദ്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

എസ്ബിഐ ലയനം പൂര്‍ത്തിയാകുന്നതോടെ 41 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 22500 ബ്രാഞ്ചുകളും 58000 എടിഎം കേന്ദ്രങ്ങളും 50 കോടി ഉപഭോക്താക്കളെയുമാണ് എസ്ബിഐക്ക് സ്വന്തമാകുന്നത്.

DONT MISS
Top