വിനയ് ഫോര്‍ട്ട് നായകനാകുന്ന ഷോര്‍ട്ട് ഫിലിം എട്ടാം പേജ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് ടോവിനോ

പ്രതീകാത്കചിത്രം

പത്രത്തിലെ ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം എട്ടാം പേജ് യൂട്യൂബില്‍ റിലീസ് ചെയ്തു. 15മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തന്‍സീര്‍ ആണ്. ടോവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്യ്തത്. സിനിമ സ്വപ്‌നം കാണുന്നവന്റെയാണ് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം ചിത്രം റിലീസ് ചെയ്യ്തത്. ഒട്ടനവധി നല്ല സിനിമകള്‍ സിനിമപ്രേമികളിലേക്ക് എത്തിച്ച തന്‍സീറിന്റെ പ്രഥമ ഹൃസ്വ ചിത്രം റിലീസ് ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ടോവിനോ തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സിനിമ സ്വപ്നം കാണുന്നവന്റെയാണ്. അങ്ങനെ സ്വപ്നത്തിന് പിന്നാലെ പോയ ഒരാളാണ് ബീമാ പള്ളിയിലെ തൻസീർ. നിരവധിപേർ തൻസീറിലൂടെ ലോക സിനിമകളെ തൊട്ടറിഞ്ഞു. ഓരോ ചലച്ചിത്രോത്സവ കാലത്തും ഒട്ടനവധി സിനിമാപ്രേമികളാണ് തൻസീറിന്റെ സിനിമാ പട്ടികയ്ക്കായി കാത്തിരുന്നത്. ഇന്ന് ഇദ്ദേഹം കമൽ സാറിന്റെ സംവിധാന സഹായി ആണ്. ഒട്ടനവധി നല്ല ചിത്രങ്ങൾ സിനിമാപ്രേമികളിലേക്ക് എത്താൻ നിമിത്തമായ തൻസീറിന്റെ പ്രഥമ ഹ്രസ്വചിത്രം എന്നിലൂടെ നിങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.

വര്‍ഷങ്ങളായി ചരമ പേജ് ചെയ്യേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകന്റെ സ്വപ്‌നങ്ങളും, പ്രതീക്ഷകളും, സംഘര്‍ഷങ്ങളും, പ്രമേയമാകുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. വിനയ് ഫോര്‍ട്ടിന് പുറമെ സേതു ലക്ഷ്മി, എം ആര്‍ ഗോപകുമാര്‍, പ്രൊഫസര്‍ എം അലിയാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വിവിധ ചലച്ചിത്ര മേളകളില്‍ ഇതിനോടകംതന്നെ ചിത്രം ചര്‍ച്ചയായി കഴിഞ്ഞു. രാജ്യാന്തര ഡോകുമെന്ററി ഷോര്‍ട്ട് ഫിലിം ചലച്ചിത്രമേളയിലും പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ ഹ്രസ്വചിത്ര മത്സരത്തിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.

DONT MISS
Top