ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. നാലു ടെസ്റ്റുകളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.

41 മത്സരങ്ങളില്‍ നിന്ന് 4,983 പോയിന്റുള്ള ഇന്ത്യയുടെ റേറ്റിംഗ് 122 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസീസിന് 49 മത്സരങ്ങളില്‍ നിന്ന് 3,258 പോയിന്റും 108 റേറ്റിംഗുമാണുള്ളത്. ദക്ഷിണാഫ്രിക്ക (107), ഇംഗ്ലണ്ട് (101), ന്യൂസിലന്റ് (98) എന്നീടീമുകളാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പാകിസ്താന്‍ (97), ശ്രീലങ്ക (90), വെസ്റ്റിന്‍ഡീസ് (69), ബംഗ്ലാദേശ് (66), സിംബാബ്‌വെ (5) എന്നിവരാണ് ആറുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായിരുന്നു. ഇന്ത്യയെ പിന്തള്ളി പാകിസ്താനാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ അവിടെ അധികം ആയുസ് പാകിസ്താന് ഉണ്ടായില്ല. കൊല്‍ക്കത്തയിലെ രണ്ടാം ടെസ്റ്റില്‍ കീവീസിനെ 178 റണ്‍സിന് തകര്‍ത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. പിന്നീട് ഇതുവരെ ആ സ്ഥാനം മറ്റാര്‍ക്കും ഇന്ത്യ വിട്ടുനല്‍കിയിട്ടില്ല.

ന്യൂസിലന്റിനെതിരായ പരമ്പര ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു പരമ്പര നേട്ടങ്ങളാണ് റാങ്കിംഗ് തലപ്പത്ത തുടരാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. കീവികള്‍ക്ക് പുറമെ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ഇപ്പോള്‍ ഓസീസ് എന്നിവരെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കിയത്.

DONT MISS
Top