എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദതത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. അധ്യാപകരായ കെ.ജി വാസു, സുജിത്ത് കുമാര്‍ എന്നിവരെ സസ്‌പെന്‍സ് ചെയ്തു. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്ടട്ടറി ഉഷ ടൈറ്റസ് ഉത്തരവിറക്കി. ഇവരെ പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് വിലക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ സമിതി അധ്യക്ഷനാണ് കെ ജി വാസു. സുജിത്ത് കുമാറാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉഷ ടൈറ്റ്‌സ് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ ദിവസമാണ് എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള ആക്ഷേപം ഉയര്‍ന്നത്. കണക്ക് പരീക്ഷയുടെ സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള സംശയം ശക്തമായത്.
എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനായ സുജിത്തിന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി കണക്ക് പരീക്ഷ ചോദ്യപേപ്പറിന് സാമ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു. ഈ മാസം 30 ന് വീണ്ടും പരീക്ഷ നടത്തും.

ഇതിനിടെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള ആരോപണവും ശക്തമായിരിക്കുകയാണ്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങളില്‍ ചിലത് വാര്‍ഷിക പരീക്ഷയിലും അതേപടി ആവര്‍ത്തിച്ചു എന്നാണ് ആക്ഷേപം. സംഭവത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം.

അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പരീക്ഷ പോലും നേരെ ചൊവ്വേ നടത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല എന്നാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ വ്യക്തമാകുന്നത്. ഇനിയും മന്ത്രി രാജിക്ക് തയ്യാറല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

DONT MISS
Top