കേന്ദ്രം അനുവദിച്ച 2000 കോടിയില്‍ തൃപ്തരല്ല; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പ്രതീകാത്മക ശവസംസ്‌കാരം നടത്തി

കര്‍ഷകര്‍ നടത്തിയ പ്രതീകാത്മക ശവസംസ്‌കാരം

ദില്ലി: കൊടുംവരള്‍ച്ച നേരിടുന്ന തമിഴ്‌നാട്ടില്‍ കൃഷിചെയ്യാനുള്ള നിര്‍വാഹമില്ലാതായ കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്നും വേണ്ട പരിഗണന ലഭിച്ചില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി രണ്ടാഴ്ചയോളമായി ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കേന്ദ്രം അനുവദിക്കാമെന്നേറ്റ 2000 കോടി ധനസഹായത്തില്‍ തൃപ്തരല്ല. തമിഴ്‌നാടിനു മുഴുവനായാണ് ഇത്രയും തുക അനുവദിച്ചത്. 39565 കോടിയാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഇതില്‍ പ്രതിഷേധിച്ച് രണ്ടുകര്‍ഷകര്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും പ്രതീകാത്മക ശവസംസ്‌കാരം നടത്തുകയും ചെയതു. “ഇന്ത്യയുടെ കാര്‍ഷികമേഖല ഒാരോ ദിവസം കഴിയുന്തോറും മരിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ നോക്കിനില്‍ക്കെയാണ് അത് സംഭവിക്കുന്നത്. അതുകാണിക്കാനാണ് പ്രതീകാത്മക ശവമടക്ക് നടത്തിയത്”. സമരം ചെയ്യുന്ന കര്‍ഷകന്‍ പി അയ്യകണ്ണ് പറയുന്നു.

“ജീവിച്ചിരിക്കുന്ന കര്‍ഷകരുടെ ദുരവസ്ഥ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍, ഞങ്ങളുടെ ശവശരീരങ്ങളെ അവഗണിക്കാന്‍ പറ്റില്ല”-പ്രേംകുമാര്‍ എന്ന കര്‍ഷകന്‍ പറയുന്നു. കഴിഞ്ഞ ആറുമാസങ്ങളായി 400 കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍. കേന്ദ്രം അനുവദിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജുകള്‍ സംസ്ഥാന ഗവണ്മെന്റിന്റെ കണക്കുകള്‍ക്ക് താഴെയാണെന്നും അതിനാല്‍ തങ്ങളുടെ നഷ്ടങ്ങള്‍ നികത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

ഭക്ഷണം കഴിക്കാന്‍ താലി പണയം വെക്കേണ്ടിവരുന്നതും ലക്ഷക്കണക്കിനുള്ള കടക്കണക്കും ഒക്കെയാണ് ഇവര്‍ക്ക് മറ്റൊരാളോട് പറയാനുള്ളത്. കാവേരിയില്‍ നിന്നും വെള്ളം കിട്ടാത്തതും പ്രശ്‌നം ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ 15 ദിവസങ്ങളായി ഇവര്‍ തലസ്ഥാനത്തുണ്ട്. ആവശ്യങ്ങള്‍ പരിഗണിക്കുംവരെ ഡല്‍ഹി വിട്ടുപോകുന്നില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍.

DONT MISS
Top