“ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്” ഈ ദുബായ് പൊലിസ്; ഏറ്റവും വേഗതയേറിയ കാറുകളുള്ള പൊലിസ് എന്ന ലോക റെക്കോര്‍ഡ് ദുബായിക്ക്


ദുബായ് പൊലിസിന്റെ ആഡംബര കാറുകള്‍

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ചകളാണ് ദുബായ് പൊലിസ് സ്റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് ഒന്നു എത്തിനോക്കിയാല്‍. കാഴ്ച്ചയില്‍ സൗമ്യരായ ഈ കാറുകള്‍ , കാലൊന്ന് കൊടുത്താല്‍ ശരവേഗത്തിലാണ് പായുന്നത്. ഇപ്പോളിതാ ലോകത്തിലെ ഏറ്റവും വേഗതയുള്ള പൊലിസ് കാറുകളുള്ളത് ദുബായിലാണെന്ന് ഗിന്നസ് വേള്‍ഡ്റെ ക്കോര്‍ഡും ഔദ്യോഗീകമായി അംഗീകരിച്ച് കഴിഞ്ഞു.

ദുബായ് പൊലിസിന്റെ കാര്‍ ശേഖരത്തിലേക്ക് ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണ്‍ന്റെ ആഗമനത്തോട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. 16 സിലിണ്ടര്‍ എന്‍ജിന് 1000 ഹോര്‍സ്പവര്‍ ഉത്പാദിപ്പിക്കുന്ന ബുഗാഡി 2.5 സെക്കന്റെുകള്‍ക്കുള്ളില്‍ 97 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഏപ്രിലിലാണ് ദുബായ് പൊലിസ് ബുഗാഡി വെയറോണ്‍ സ്വന്തമാക്കുന്നത്. ലോകത്ത് ഏറ്റവും വേഗമേറിയ വാഹനം ഹെന്നസി വെനം ജിടി ആണെങ്കിലും ലോകത്ത് എവിടെയും ഈ വാഹനം പൊലിസ് കാറായി ഉപയോഗിക്കാറില്ല. കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ ഉപരി വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പൊലിസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപാതകളിലും ആഡംബര കാറുകളില്‍ പൊലിസ് റോന്തു ചുറ്റും.

വിനോദ സഞ്ചരികളെ ആകര്‍ഷിക്കുന്നതില്‍ ഈ കാറുകള്‍ വിജയം കണ്ടിട്ടുണ്ടെന്നു തന്നെയാണ് ദുബായ് പൊലിസ് മേധാവി സെയ്ഫ് സുല്‍താന്‍ ഷംസിയുടെ അവകാശവാദം. പൊലിസ് എമര്‍ജന്‍സി നമ്പറായ 999 ലേക്ക് പലരും വിളിക്കുകയും, കാര്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ വന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ടെന്നാണ് സുല്‍താന്‍ ഷംസി പറയുന്നത്. ബുഗാഡി വെയറോണെ കൂടാതെ ആഡംബര കാറുകളുടെ ശേഖരത്തില്‍ മക്‌ലാരന്‍, ലംബോര്‍ഗിനി, ഫെറാറി, മെര്‍സിഡസ്, മസ്താങ്ങ്, ബെന്റെലി, ഔഡി, നിസ്സാന്‍, ബിഎംഡബ്ലയു, പോര്‍ഷെ, ആസറ്റണ്‍ മാര്‍ട്ടിന്‍ എന്നീ കമ്പനികളുടെ 14 കാറുകളാണുള്ളത്. ഏതായാലും കള്ളന്മാര്‍ക്കും, കൊള്ളക്കാര്‍ക്കും ദുബായില്‍ കരമാര്‍ഗം രക്ഷപെടാമെന്ന് കരുതണ്ട.

DONT MISS
Top