സന്തോഷ് ട്രോഫി ഗോവയെ വീഴ്ത്തി ബംഗാളിന് കിരീടം

പനജി: ഗോവയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ച് 71 ാമത് സന്തോഷ് ട്രോഫി കിരീടം ബംഗാള്‍ നേടി. ബംബോലിമിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ അധികസമയത്തിന്റെ അവസാന നിമിഷം ഗോള്‍ നേടിയാണ് ബംഗാള്‍ ഗോവയെ വീഴ്ത്തിയത്. മന്‍വീര്‍ സിങ്ങാണ്(120)  മനോഹരമായ ഗോളിലൂടെ ബംഗാളിന്റെ 32 ാം കിരീടനേട്ടം ആഘോഷിച്ചത്.

രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഗോവ ബംഗാളിനെ നേരിട്ടത്. എന്നാല്‍ പേരിലെ പെരുമ നിലനിറുത്തുവാന്‍ ബംഗാളും ശ്രമിച്ചപ്പോള്‍ മത്സരം കടുത്തു. 90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോള്‍ പിറന്നില്ല. ഒടുവില്‍ അധികസമയം അവസാനിക്കുവാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്‍വീര്‍ ഗോള്‍ നേടുകയായിരുന്നു.

ബംഗാളിന് സെമിയിലെ വിജയത്തിന് സഡ്ഡന്‍ ഡെത്തിന്റെ ഭാഗ്യം വേണ്ടി വന്നെങ്കിലും ഗ്രൂപ്പ് എയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ ആയിരുന്നു ബംഗാളിന്റെ മുന്നേറ്റം. ഗോവയാവട്ടെ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു. ഗ്രൂപ്പ് ചാംപ്യന്‍മാരായ കേരളത്തെ ഒന്നിന് എതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ അവര്‍ സ്ഥാനം പിടിച്ചത്.

2009ല്‍ ചെന്നൈയില്‍ ബംഗാളിനെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തി ചാംപ്യന്‍മാരായ ശേഷം ഫൈനലില്‍ എത്താന്‍ ഗോവയ്ക്ക് സാധിച്ചിരുന്നില്ല. 2011ല്‍ അസമില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ കീഴടക്കിയായിരുന്നു അവസാനമായി ബംഗാള്‍ കിരീടം നേടിയത്.

DONT MISS
Top