‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാജീവ് ഗാന്ധിയുടെയും ആഗ്രഹം’; രാജീവ് കോണ്‍ഗ്രസിലെ ഏക ഹിന്ദു നേതാവായിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി

പ്രതീകാത്മകചിത്രം

പാട്‌ന: നെഹ്‌റു കുടുംബത്തിലെ ഏറ്റവും നല്ല വ്യക്തി പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമി. ഹിന്ദു വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് രാജീവ് ഗാന്ധിയെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അയോധ്യ വിഷയത്തോടനു ബന്ധിച്ച് പാട്‌നയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം രാജീവ് ഗാന്ധിക്കുണ്ടായിരുന്നു. മുന്‍പ്രധാനമന്ത്രി നരസിംഹറാവുവും മനസില്‍ ഈ ആഗ്രഹവുമായി ജീവിച്ചയാളാണെന്നും സ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ്‌ പോലും അവഗണിച്ച് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യാന്‍ അനുവാദം നല്‍കിയത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അയോധ്യയില്‍ രാമക്ഷേത്രം ഹിന്ദുക്കള്‍ക്കായി തുറന്ന് കൊടുത്തതും രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.  അയോധ്യ വിഷയം സൂചിപ്പിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ പരിഹസിക്കാനും സ്വാമി മറന്നില്ല. കോണ്‍ഗ്രസ് നിലവില്‍ ആത്മഹത്യയുടെ വക്കിലാണെന്നും, അവരുടെ വിലാപയാത്രയില്‍ നാമെല്ലാമുണ്ടാകണമെന്നും  കോണ്‍ഗ്രസിനേറ്റ ദയനീയ തോല്‍വിയെ പരിഹസിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

അയോധ്യ വിഷയത്തിലെ സുപ്രീംകോടതി ഇടപെടല്‍ പ്രതീക്ഷാജനകമാണെന്നും ഉചിതമായ നടപടി വിഷയത്തിലെടുക്കാന്‍ സുപ്രീംകോടതിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കാഹര്‍ അദ്ധ്യക്ഷനായ സമിതിയാണ് മതപരമായ പ്രശ്നങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ കോടതിയ്ക്ക് പുറത്ത് പരിഹരിക്കുവാന്‍ സാധിക്കുമെന്ന് നിര്‍ദേശിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി കോടതിയുടെ പരിഗണനയിലുള്ള അയോധ്യ വിഷയത്തില്‍ പെട്ടെന്ന് വിധിയുണ്ടാകണമെന്ന സുബ്രമണ്യം സ്വാമിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.

DONT MISS
Top