രാജസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ എട്ട് അധ്യാപകര്‍ പീഡിപ്പിച്ചു; അധ്യാപകര്‍ക്കെതിരെ  പോക്‌സോ നിയമപ്രകാരം കേസെടുത്തു

പ്രതീകാത്മക ചിത്രം

ബിക്കാനീര്‍ : രാജസ്ഥാനിലെ നോഖയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 13 കാരിയെ എട്ട് അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകര്‍ ഇവ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഒന്നരവര്‍ഷത്തോളം ഉപദ്രവം തുടര്‍ന്നതായും കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ അധ്യാപകര്‍ ബലമായി കഴിപ്പിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

2015 ലാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. സ്‌പെഷ്യല്‍ ക്ലാസെന്ന വ്യാജേന സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടിയെ സ്‌കൂളില്‍ പിടിച്ചുനിര്‍ത്തിയ അധ്യാപകര്‍, ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തിയ അധ്യാപകര്‍ പിന്നീട് ഒന്നര വര്‍ഷത്തോളം പല സമയങ്ങളിലായി കുട്ടിയെ പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് ബിക്കാനീര്‍ പൊലീസ് സൂപ്രണ്ട് അമന്‍ദീപ് സിംഗ് കപൂര്‍ വ്യക്തമാക്കി.

കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം സ്‌കൂളിലെ എട്ട് അധ്യാപകര്‍ക്കെതിരെ , പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നരവര്‍ഷം മുമ്പാണ് കുട്ടി രക്താര്‍ബുദ ബാധിതയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്. സംഭവം ഹൃദയഭേദകമെന്ന് രാജസ്ഥാന്‍ പഞ്ചായത്തീരാജ് മന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു. കുട്ടിക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

DONT MISS
Top