വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്താനും തീരുമാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. പരീക്ഷ വീണ്ടും നടത്താനും തീരുമാനമായി.  മാര്‍ച്ച് 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരീക്ഷ വീണ്ടും നടത്തുക. ചോദ്യങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.  പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ, പരീക്ഷാഭവന്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 30ന് നടത്താന്‍ തീരുമാനിച്ചതായും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു

കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് ആക്ഷേപം ഉര്‍ന്നിരിക്കുന്നത്. ഇതോടെ കുറ്റക്കാരനായ അധ്യാപകനെതിരെയും നടപടി ഉണ്ടായേക്കും. മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസിലെ അധ്യാപകനെതിരെയാണ് നടപടിക്കു സാധ്യത. ഇദ്ദേഹത്തിന് മോഡല്‍ പരീക്ഷ നടത്തിയ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ട്. ഒരു ദിനപത്രത്തില്‍ പരീക്ഷയോട് അനുബന്ധിച്ച ദിവസം ഇതേ ചോദ്യങ്ങളോടെ പ്രത്യേക പേജും ഇറങ്ങിയിരുന്നു. ഇക്കാര്യത്തിലും കര്‍ശനമായ പരിശോധനയും തിരുത്തലും നടത്തണമെന്നും യോഗത്തില്‍ ധാരണയുണ്ടായി.

കണക്ക് പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചെന്നാണ് പരാതി. പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ ചോദ്യങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ഉണ്ടെന്നതായിരുന്നു കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടാത്ത ഭാഗങ്ങളില്‍ നിന്നായിരുന്നു ഈ ചോദ്യങ്ങള്‍. ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും നീതികിട്ടാതെ പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ അധ്യാപകര്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കണം എന്നിരിക്കെ കോളെജ് അധ്യാപകരാണ് ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന വിവരവും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. ശരാശരി വിദ്യാര്‍ത്ഥികളെ വെള്ളംകുടിപ്പിക്കുന്നതായിരുന്നു കണക്ക് പരീക്ഷ. ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.

DONT MISS
Top