ആഡംബര വാഹന നിര്‍മാതാക്കള്‍ കരുതിയിരിക്കുക, ലക്‌സസ് ഇന്ത്യയിലെത്തിക്കഴിഞ്ഞു; വന്നത് പ്രീമിയം കാറുകളിലെ പുലിക്കുഞ്ഞ്

ലക്‌സസ്

ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ പ്രീമിയം വാഹന നിര്‍മാതാക്കളെ വെല്ലുവിളിച്ച് ആഡംബര വാഹന നിര്‍മാതാക്കളായ ലക്‌സസ് ഇന്ത്യയിലെത്തുന്നു. ജാഗ്വറിനും ലാന്‍ഡ് റോവര്‍ വിഭാഗം വാഹനങ്ങള്‍ക്കും വന്‍ഭീഷണിയുയര്‍ത്താന്‍ ലക്‌സസിനാവും. ലോകത്തെ വാഹനപ്രേമികളുടെയെല്ലാം സ്വപ്‌ന വാഹനമാണ് അഴകിന്റെ റാണിയായ ലക്‌സസ്.

കുറച്ചുകൂടി നേരത്തെ ഇന്ത്യയിലെത്താന്‍ ലക്‌സസ് ആഗ്രഹിച്ചിരുന്നെങ്കിലും പ്രീമിയം കാറുകളോട് ഇന്ത്യക്കാര്‍ക്കുള്ള താല്‍പര്യക്കുറവായിരുന്നു ലക്‌സസിനെ പിന്തിരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പ്രീമിയം കാറുകളോടുള്ള മനോഭാവം മാറിയതും ധാരാളം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റുപോകാന്‍ തുടങ്ങിയതും ലക്‌സസിന്റെ വഴി സുഗമമാക്കുന്നു.

ടൊയോട്ട എന്ന ജാപ്പനീസ് വാഹന ഭീമന്റെ പ്രീമിയം വിഭാഗം കാറുകളാണ് ലക്‌സസ് എന്ന പേരില്‍ എത്തുന്നത്. ആഡംബര വാഹന നിര്‍മാതാക്കള്‍ അരങ്ങുവാണിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രീമിയം വാഹനങ്ങളെ പിടിച്ചുകെട്ടാനാണ് ലക്‌സസ് ടൊയോട്ട അവതരിപ്പിച്ചത്. അന്നുമുതല്‍ ആഡംബര വാഹനങ്ങളില്‍ ഏറ്റവും മികച്ചവന്‍ എന്ന സ്ഥാനം ലക്‌സസ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.

ഇന്ത്യയില്‍ ടൊയോട്ടയുടെ വാഹനങ്ങളുടെ വില്‍പ്പന അതിവേഗമാകുമ്പോള്‍ ലക്‌സസ് എന്ന ബ്രാന്‍ഡിനെ സൗകര്യപൂര്‍വം അവതരിപ്പിക്കാം എന്നായിരുന്നു ടൊയോട്ടയുടെ ധാരണ. എന്നാല്‍ ഫോര്‍ച്ചൂണറിനുമുകളില്‍ ഒരു വാഹനം കമ്പനി പുറത്തിറക്കിയുമില്ല. അധവാ വിലകൂടിയ ടൊയോട്ട വേണമെങ്കില്‍ സ്വന്തം നിലയില്‍ ഇംപോര്‍ട്ട് ചെയ്യേണ്ട അവസ്ഥയായിരുന്നു നിലവില്‍. എന്നാല്‍ ലക്‌സസ് കളത്തിലെത്തുന്നതോടെ കളി മാറും.

56 ലക്ഷത്തോളം വിലവരുന്ന ഇഎസ് 300എച്ച് എന്ന വാഹനമായിരിക്കും ഇന്ത്യയില്‍ കമ്പനിയുടെ തുടക്ക മോഡല്‍. നിലവില്‍ വാഹനം പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണെങ്കിലും ഭാവിയില്‍ കര്‍ണാടകയിലെ ടൊയോട്ട നിര്‍മാണ ശാലയിലാവും പുതിയ വാഹനങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍. ക്രമേണ ഇന്ത്യയില്‍ വാഹനഭാഗങ്ങള്‍ നിര്‍മിക്കാനും ലക്‌സസ് ലക്ഷ്യമിടുന്നു.

DONT MISS
Top