രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെതിരെ തമിഴ് വിമോചന നേതാവ് തിരുമാവളവന്‍

തമിഴ്‌നാട്: ശ്രീലങ്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങുന്ന നടന്‍ രജനീകാന്തിനെതിരെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന്‍. ശ്രീലങ്കയില്‍ ഒരു ഹൗസിങ് സ്‌കീം ഉദ്ഘാടനം ചെയ്യാനാണ് രജനീകാന്ത് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. രജനിയുടെ സൂപ്പര്‍ ഹിറ്റ് പടം എന്തിരന്റെ രണ്ടാം ഭാഗം പ്രൊഡ്യൂസ് ചെയ്യുന്ന ലൈക പ്രൊഡക്ഷന്‍സ് ആണ് ചടങ്ങിന്റെ സംഘാടകര്‍. രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം തമിഴരില്‍ പകയുണ്ടാക്കാനേ ഉപകരിക്കൂ എന്നാണ് തിരുമാവളവന്റെ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്നും തിരുമാവളവന്‍ രജനീകാന്തിനോട് ആവശ്യപ്പെട്ടു.

ശ്രീലങ്കയില്‍ കാര്യങ്ങളെല്ലാം ശാന്തമായി എന്ന് രജനീകാന്തിന്റെ സന്ദര്‍ശനം ലോകത്തെ തോന്നിപ്പിക്കുമെന്നും തിരുമാവളവന്‍ പറഞ്ഞു. 2009ലെ ആഭ്യന്തര യുദ്ധത്തിനുശേഷം കാര്യങ്ങളൊന്നും പഴയ നിലയിലായിട്ടില്ല. പ്രത്യേകിച്ച് നാടുവിടേണ്ടിവന്ന ശ്രീലങ്കന്‍ തമിഴരുടെ ജീവിതം.  ജാഫ്‌നയില്‍ ലൈക പ്രൊഡക്ഷന്‍സ് തമിഴര്‍ക്കായി നിര്‍മ്മിച്ച 150 വീടുകളുടെ താക്കോല്‍ദാനവും നടത്തും.

എന്നാല്‍, ജനീവയില്‍ നടന്ന ലോക മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ ലോകമെമ്പാടും നിന്നും ശ്രീലങ്കയുടെ തമിഴ് വംശഹത്യക്കും പീഡനങ്ങള്‍ക്കുമെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍, സമ്മര്‍ദ്ദം കുറക്കാനുള്ള വഴിയായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് തിരുമാവളവന്‍ ആരോപിക്കുന്നു. ലെയ്ക പ്രൊഡക്ഷന്‍സിന്റെ സുഭാഷ് കരണ്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുടെ അടുത്ത സുഹൃത്താണെന്നും തിരുമാവളവന്‍. കലാകാരനും നടനുമായ രജനീകാന്ത് സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി തമിഴ് ജനതയ്‌ക്കെതിരെ പ്രവര്‍ത്തിക്കരുത് എന്നും തിരുമാവളവന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

DONT MISS
Top