സൗദിയിലെ പൊതുമാപ്പ്: തൊഴില്‍ നിയമ ലംഘകരുടെ പദവി ശരിയാക്കാന്‍ അനുവദിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മേധാവി

പ്രതീകാത്മക ചിത്രം

സൗദിഅറേബ്യ: സൗദിഅറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിനോടനുബന്ധിച്ച് ഇഖാമതൊഴില്‍ നിയമ ലംഘകരുടെ പദവി ശരിയാക്കാന്‍ അനുവദിക്കില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ അറിയിച്ചു. പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ മാത്രമാണ് അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.

2013 ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് വേളയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ പദവി ശരിയാക്കി നല്‍കിയിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഒളിച്ചോടിയതായി തൊഴിലുടമ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പു മാറുന്നതിനും അനുവാദം നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി കണ്ടെത്തി പ്രൊഫഷന്‍ മാറുന്നതിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം 29ന് നിലവില്‍ വരുന്ന പൊതുമാപ്പില്‍ പദവി ശരിയാക്കാന്‍ അനുമതിയില്ലെന്ന് പാസ്‌പോര്‍ട് ഡിറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു. നിയമ ലംഘകര്‍ക്കു രാജ്യം വിടാന്‍ മാത്രമാണ് അനുമതി. ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ നിയമ ലംഘകര്‍ സന്നദ്ധമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ രാജ്യവ്യാപകമായി ശക്തമായ റെയ്ഡ് തുടങ്ങും. ഇതു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് നടത്തുന്നത്. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സുലൈമാന്‍ അല്‍ യഹ്‌യ മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചനയില്ല. രാജ്യത്ത് നിയമ ലംഘകരായി കഴിയുന്ന മുഴുവന്‍ വിദേശികള്‍ക്കും രാജ്യം വിടാന്‍ ആവശ്യമായ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top