‘യോഗി മുഖ്യമന്ത്രിയായാല്‍ കാട്ടുരാജാവിനെന്താ കുഴപ്പം?’; മറുപടി ഈ സിംഹങ്ങള്‍ പറയും

പ്രതീകാത്മക ചിത്രം

ഉത്തര്‍പ്രദേശ്: യോഗി ആദിത്യനാഥിനെതിരെ പലവിഭാഗങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന വാര്‍ത്തകള്‍ നിത്യേനയെന്നവണ്ണം രാജ്യം കാണുന്നുണ്ട്. എന്നാലിതാ യോഗി ആദിത്യനാഥിനെതിരെ കടുത്ത പ്രതിഷേധവുമായി നിരാഹാര സമരത്തിലാണ് ഇവര്‍. ഇവരെന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളൊന്നുമല്ല കേട്ടോ, ലഖ്‌നൗവിലെ മൃഗശാലയിലെ സിംഹങ്ങളാണ്.

സംസ്ഥാനത്തെ ഇറച്ചിക്കടകള്‍ക്കെതിരെയുള്ള പൊലീസിന്റെയും ഗോസേനയുടെയും കടുത്ത നടപടികളാണ് സിംഹങ്ങളെ പട്ടിണിയിലാക്കിയത്. നിയമവിരുദ്ധമായ അറവുശാലകള്‍ക്ക് എതിരെയാണ് നടപടിയെങ്കിലും, സംസ്ഥാനത്ത് മാട്ടിറച്ചിയും പോത്തിറച്ചിയും വില്‍പ്പന നിന്നമട്ടാണ്. പോത്തിറച്ചിക്ക് പകരം കോഴിയിറച്ചിയും ആട്ടിറച്ചിയുമെല്ലാം ഇട്ടുകൊടുത്തെങ്കിലും കാട്ടിലെ രാജാക്കന്മാര്‍ ഇതൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ല. ലഖ്‌നൗവില്‍ മാത്രമല്ല എത്തവാ സഫാരി സിംഹപാര്‍ക്കിലും ഇതുതന്നെയാണ് സ്ഥിതിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോത്തുപോലെയുള്ള ഇറച്ചികള്‍ കിട്ടാത്തതിനാല്‍ പല മൃഗങ്ങളും മറ്റ് ഇറച്ചികള്‍ കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

235 കിലോയോളം പോത്തിറച്ചിയാണ് പ്രതിദിനം ആവശ്യമെന്ന് ലഖ്‌നൗവിലെ മൃഗശാലാ അധികൃതര്‍ പറയുന്നു. പക്ഷെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 80കിലോയില്‍ താഴെയാണ് ലഭിക്കുന്നത്. കുട്ടിയായിരിക്കെ മാത്രമാണ് പക്ഷിയിറച്ചിയും ആട്ടിറച്ചിയും സിംഹങ്ങള്‍ കഴിക്കാറ്, അതിന് ശേഷം പോത്തിറച്ചിയാണ് സിംഹങ്ങള്‍ക്ക് മൃഗശാലയില്‍ ശീലം.

നാല്‍പത്തിയേഴോളം വന്യമൃഗങ്ങളാണ് നിലവില്‍ മൃഗശാലയിലുള്ളത്. ഏഴ് കടുവകള്‍, നാല് വെള്ളക്കടുവകള്‍, എട്ട് സിംഹങ്ങള്‍, എട്ട് പുലികള്‍, 12 കാട്ടുപൂച്ചകള്‍, രണ്ട് കഴുതപ്പുലികള്‍, രണ്ട് ചെന്നായ, രണ്ട് കുറുക്കന്‍ എന്നിവരാണ് മൃഗശാലയിലുള്ളത്. സിംഹത്തിന് പുറമെയുള്ള മറ്റ് മൃഗങ്ങള്‍ കോഴിയിറച്ചിയോടും ആട്ടിറച്ചിയോടും സഹകരിക്കാന്‍ തയ്യാറായി തുടങ്ങിയെന്നും അധികൃതര്‍ പറയുന്നു.

നിരോധനം മുന്‍പ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുന്‍പ് തന്നെ മാംസവിതരണം പ്രതിസന്ധിയിലായിരുന്നു. പക്ഷെ, അറവുശാലകള്‍ക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ മാംസത്തിന്റെ ലഭ്യത വളരെക്കുറഞ്ഞു. നഗരത്തിന് പുറമേ നിന്നും മാംസമെത്തിക്കാനാകുന്ന ഇടനിലക്കാരെ അന്വേഷിക്കുകയാണ് ജയിലധികൃതരിപ്പോള്‍. സമാനമായ അനുഭവമാണ് എതാവാ ലയണ്‍സഫാരിയിലെയും അവസ്ഥ. മൂന്ന് ദിവസമായി സിംഹങ്ങളും കടുവകളും പട്ടിണിയിലാണെന്ന് ഇവരും പറയുന്നു. കൊഴുപ്പ് കുറവുള്ള കോഴിയിറച്ചി ഇത്തരം മൃഗങ്ങള്‍ക്ക് യോജിച്ചതല്ലെന്നും ഇവര്‍ പറയുന്നു. എട്ടുമുതല്‍ പത്തുവരെ കിലോ ബീഫ് കഴിച്ചിരുന്ന സിംഹങ്ങളാണ് ഇപ്പോളിതില്ലാതെ കഷ്ടപ്പെടുന്നതെന്നും മൃഗശാലാ അധികൃതര്‍ പറയുന്നു

DONT MISS
Top