കര്‍ണാടകക്കാര്‍ക്ക് കട്ടപ്പയോട് കട്ടക്കലിപ്പാണ്; ബാഹുബലി റിലീസ് കട്ടപ്പുറത്തായേക്കും

കട്ടപ്പയായി അഭിനയിക്കുന്ന സത്യരാജ്‌

ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ആകുമെന്ന് തോന്നുന്നില്ല. കാരണം രസകരമാണ്. എന്താണെന്നല്ലേ, ഒരു നദീജല തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്തരമൊരവസ്ഥയിലേക്കെത്തിച്ചത്. സംശയം വേണ്ട, കര്‍ണാടകയിലെ നദീജല തര്‍ക്കം എന്ന് പറയുമ്പോഴേ ഓര്‍മ വരുന്ന കാവേരി നദീജല പ്രശ്‌നം തന്നെയാണ് ഇവിടെയും വില്ലന്‍. ഈ തര്‍ക്കം പലപല രീതിയില്‍ കര്‍ണാടകയിലെ ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.

കാവേരി നദീജല തര്‍ക്കവും കട്ടപ്പയും തമ്മിലെന്ത്? കട്ടപ്പയുമായല്ല, കട്ടപ്പയായി അഭിനയിക്കുന്ന സത്യരാജുമായാണ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രശ്‌നം. സത്യരാജ് തമിഴനായതിനാല്‍ മാത്രമല്ല പ്രശ്‌നം. കര്‍ണാടക നദീജല വിഷയത്തില്‍ സത്യരാജ് തമിഴ്‌നാടിനനുകൂലമായി സംസാരിച്ചത്രെ! അതാണ് കര്‍ണാടകയെ ഇത്രകണ്ട് കടുത്ത നിലപാടുകളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഇത്ര വഷളായിരുന്നില്ല. കാരണം കട്ടപ്പ എന്ന കഥാപാത്രം ഇത്ര ഹിറ്റാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ചിത്രം റിലീസ് കഴിഞ്ഞതോടെ കട്ടപ്പ ഹീറോയായി. ചിത്രത്തിന്റെ ഗതിമാറ്റുന്ന കേന്ദ്ര കഥാപാത്രങ്ങളിലൊന്നായി കട്ടപ്പ മാറി. ഇത് കര്‍ണാടകയിലെ സാധാരണ ജനങ്ങള്‍ക്ക് അത്ര ഇഷ്ടമായില്ല. ബാഹുബലി റിലീസിനെ ഇത് കാര്യമായി ബാധിക്കാനുമിടയുണ്ട്.

ബെല്ലാരിയിലെ ഒരു തിയേറ്ററില്‍നിന്ന് ബാഹുബലിയുടെ ട്രെയിലര്‍ മാറ്റുകയും ചെയ്തു. മാത്രമല്ല ചിത്രം റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ ഫിലിം ചേമ്പറിനെ സമീപിക്കുകയും ചെയ്തു. നേരത്തെ രജനികാന്തിനും ഇതേ അവസ്ഥ നേരിടേണ്ടിവന്നു. അന്ന് ഖേദം പ്രകടിപ്പിച്ചാണ് രജനികാന്ത് രക്ഷപ്പെട്ടത്.

DONT MISS
Top