ജാമ്യം തരണമെങ്കില്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കണമെന്ന നിബന്ധനയുമായി കോടതി


പ്രതീകാത്മക ചിത്രം

മേട്ടുപ്പാളയം: ജാമ്യം വേണമെങ്കില്‍ കാട്ടില്‍ വെള്ളമെത്തിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. മാന്‍ വേട്ട കേസിലെ പ്രതിയോടാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. അന്നൂര്‍ സ്വദേശി ശെല്‍വരാജിനാണ് ജാമ്യമെടുക്കാനായി മേട്ടുപ്പാളയം ജെ.എം. കോടതി ജഡ്ജി സുരേഷ്‌കുമാര്‍ ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചത്.

ഇയാള്‍ വേട്ടയാടിയ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ചെറുജല സംഭരണികളിലാണ് വെള്ളം നിറയ്‌ക്കേണ്ടത്. വേനലായതോടെ മൃഗങ്ങള്‍ ദാഹമകറ്റാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ചെറു ജല സംഭരണികളെയാണ്.  ആദ്യം പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ കടുത്ത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.  വനത്തോടുചേര്‍ന്ന വീട്ടില്‍ താമസിച്ച് സ്ഥിരമായി വന്യമൃഗവേട്ട നടത്തുകയും ഇറച്ചിവില്പന നടത്തുകയും ചെയ്താണ് പ്രതി കഴിഞ്ഞിരുന്നത്.

ഫെബ്രുവരി ഇരുപതിനാണ് മാനിറച്ചിയുമായി പ്രതി പൊലീസ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ശെല്‍വരാജ് പിടിക്കപ്പെടുകയായിരുന്നു. പോലീസ് പിടിയിലായപ്പോള്‍ ഇയാള്‍ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടികൂടി.

DONT MISS
Top