കോടതി കുടിയൊഴിപ്പിച്ച കുടുംബത്തിന് സ്‌നേഹവീടൊരുക്കാന്‍ സിനിമാലോകം അടക്കം ഒന്നിക്കുന്നു

കോട്ടയം : കോടതി കുടിയൊഴിപ്പിച്ച കുടുംബത്തിന് സ്‌നേഹവീടൊരുക്കാന്‍ നാടൊരുമിക്കുന്നു. കുടുംബസ്വത്ത് സംബന്ധിച്ച കേസിനെ തുടര്‍ന്നാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മയെയും മകളെയും താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. അസുഖബാധിതയായ വീട്ടമ്മയും മകളും പെരുവഴിയിലായതോടെ ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവരെ സഹായിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭര്‍തൃ മാതാവും, സഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനയും രോഗബാധിതയുമായ വീട്ടമ്മയെയും  മകളെയും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കുടിയൊഴിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസിനും പതിനാലുകാരിയായ മകള്‍ സൈബയ്ക്കുമാണ് കണ്ണില്ലാത്ത നിയമത്തിന്‍െ്‌റ ക്രൂരത അനുഭവിക്കേണ്ടി വന്നത്.

ഗര്‍ഭ പാത്രത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന്  വര്‍ഷങ്ങളായി ചികില്‍സയില്‍ കഴിയുന്ന ബബിതയുടെ ഭര്‍ത്താവ് മൂന്ന്  വര്‍ഷം മുമ്പ് മരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  പൂര്‍ണ്ണ വിശ്രമത്തിലായിരുന്ന ഇവരെ കിടക്കയോടു കൂടിയാണ് ഉത്തരവ് നടപ്പിലാക്കാനാനെത്തിയ പോലീസ് പുറത്തിറക്കിയത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടേതായിരുന്നു ഉത്തരവ്.

നടപടിക്കായി സ്ഥലത്തെത്തിയ പോലീസ് കണ്ട കാഴ്ച ദയനീയമായിരുന്നു. പലകകളും തുണിയും ഉപയോഗിച്ചും മറച്ച വീട്ടില്‍, വാതിലും, വൈദ്യുതിയുമില്ല. മുറിയുടെ ഒരുവശത്ത് ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഇവരുടെ ദയനീയാവസ്ഥ പോലീസ് കോടതിയെ അറിയിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. രോഗം മൂര്‍ച്ഛതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ബബിതയിപ്പോള്‍. സംഭവം ചര്‍ച്ചയായതോടെ നടന്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നടി പാര്‍വതി തുടങ്ങി നിരവധിയാളുകളാണ് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുന്നത്.

DONT MISS
Top