ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍


ദില്ലി: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തില്‍ കോളെജ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സംഭവത്തില്‍ ഒന്നാം പ്രതിയായ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

ജാമ്യം ലഭിച്ചത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൃഷ്ണദാസിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ സാക്ഷികളും തെളിവുകളുമെല്ലാം വിദ്യാര്‍ത്ഥികളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഈ മാസം രണ്ടിനാണ് കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണ ദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ ലക്കിടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി ഷഹീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധിപറയുന്നതിനായി വടക്കാഞ്ചേരി കോടതി ഹര്‍ജി നാളത്തേക്ക് മാറ്റി. കൃഷ്ണദാസിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയും നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം കേസിലെ മൂന്നാം പ്രതി നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്രയ്ക്ക് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കൃഷ്ണദാസിന് പുറമെ സുചിത്ര, പിആര്‍ഒ വത്സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

DONT MISS
Top