”പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി; ഗുണദോഷിക്കലിന് പകരം എഴുതിത്തള്ളലായി”: നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍

പലതരം പീഡനങ്ങള്‍ സഹിച്ച് ആത്മഹത്യ ചെയ്യേണ്ടിവരുന്ന കുട്ടികളെക്കുറിച്ചാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ‘കുട്ടികള്‍ക്ക് കണ്ണീരോടെ’ എന്നാണ് കുറിപ്പിന് പേരിട്ടിരിക്കുന്നത്.

പീഡനത്തിനിരയായ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് കൈലാഷ് സത്യാര്‍ത്ഥി നൊബേല്‍ സമ്മാനം നേടിയപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി എന്താണ് ചെയ്യാനുള്ളത് എന്ന് അത്ഭുതപ്പെട്ടിരുന്നതായും എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഏറെ ചെയ്യാനുള്ളതെന്ന് മനസിലാക്കുന്നതായും ലാല്‍. അടുത്തിടെയായി കേരളം നീറുന്ന മനസ്സോടെ കേട്ട ബാലപീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ലാല്‍ ഇത്തവണ തന്റെ ബ്ലോഗ് എഴുതിയിരിക്കുന്നത്.

“മൂന്നും ആറും പത്തും വയസ്സുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു, അതിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ അവര്‍ തകര്‍ന്ന് പോകുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറംലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളെ ആരാണ് രക്ഷിക്കുക?”എന്നും ആര് അവര്‍ക്ക് വെളിച്ചവും സാന്ത്വനവുമാവുക എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

‘പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി. പണ്ട് ഗുണദോഷിക്കലായിരുന്നെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്.” കുട്ടികളെ ഉപദ്രവിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും അവര്‍ ഉപദേശം അര്‍ഹിക്കുന്നില്ലെന്നുമാണ് മോഹന്‍ലാലിന്റെ നിലപാട്.

എല്ലാ കുട്ടികളോടും യുവതീ-യുവാക്കളോടും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

ബ്ലോഗിന്റെ പൂര്‍ണ്ണരൂപം വായിക്കാം

DONT MISS
Top