കൃഷ്ണദാസിന്റെ അറസ്റ്റ്: കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്‌റു ഗ്രൂപ്പുമായി ജഡ്ജിക്ക് ബന്ധം ഉണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ലക്കിടി നെഹ്റു കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ജഡ്ജി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മഹിജ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി നെഹ്‌റു ഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണദാസും ജഡ്ജിയും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്ന ആറോളം ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചത്.

നേരത്തെ ജിഷ്ണു കേസില്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും ഇതേ ജഡ്ജിയായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ലക്കിടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. പൊലീസ് കോടതിയെ വിഡ്ഢിയാക്കുകയാണോ എന്ന് ആരാഞ്ഞ കോടതി കൃഷ്ണദാസിനെതിരായ പരാതി വ്യാജമാണെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു.

DONT MISS
Top