ദിവ്യഭാരതിയുടെ ‘കക്കൂസ്’, വൃത്തിയാക്കുന്നവരുടെ വൃത്തിയില്ലാത്ത ജീവിതം

തമിഴ്‌നാട്: മറ്റുള്ളവരുടെ വൃത്തികേട് വൃത്തിയാക്കുന്നവരുണ്ട്. നിയമം മൂലം നിരോധിച്ച തൊഴിലാണെങ്കിലും ഇപ്പോഴും കണക്കില്‍പെടാത്ത എത്രയോ തൊഴിലാളികള്‍ കക്കൂസുകളും ഓടകളും വൃത്തിയാക്കുന്നുണ്ട്. ഇവരില്‍ പലരുടെയും അപകടമരണവും കണക്കില്‍ പെടാത്തതാണ്. ദിവ്യഭാരതിയുടെ ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി തമിഴ്‌നാട്ടിലെ കക്കൂസുകള്‍ വൃത്തിയാക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കാണിക്കുന്നു.

ഇന്ത്യയിലെ സഫായി കര്‍മചാരികളുടെ ജീവിതത്തിന്റെ 360 ഡിഗ്രിയിലുള്ള ചിത്രീകരണമാണ് കക്കൂസ് എന്നാണ് ഡോക്യുമെന്ററി കണ്ട സഫായി കര്‍മചാരി ആന്ദോളന്‍ നേതാവ് ബെസ്വാഡ വില്‍സണ്‍ പറയുന്നു. നിയമവിദ്യാര്‍ത്ഥിയായ ഭാരതി 25ടൗണുകളിലും നഗരങ്ങളിലും യാത്രചെയ്താണ് ഭൂരിഭാഗവും ദലിതര്‍ ചെയ്യുന്ന ഈ ജോലി ക്യാമറയില്‍ പകര്‍ത്തിയത്. 90 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജ് 120 മിനിറ്റ് നീളമുള്ള ഒരു ഡോക്യുമെന്ററി ആക്കി എഡിറ്റ് ചെയ്യുകയായിരുന്നു. 2015ല്‍ മധുരൈയില്‍ രണ്ടുപേര്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച സംഭവത്തോടെയാണ് ഭാരതി ഡോക്യുമെന്ററി ചിത്രീകരിച്ചു തുടങ്ങിയത്.

പൊളിറ്റിക്കല്‍ ഡോക്യുമെന്ററി സംവിധാനം ചെയ്യാനാണ് ഭാരതിയുടെ ആഗ്രഹം. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് ആണ് റോള്‍ മോഡല്‍. ചെ ഗുവേര തോക്കുയര്‍ത്തിയതുപോലെയാണ് സൊളാനസ് ക്യാമറ ഉയര്‍ത്തിയത് എന്നാണ് ഭാരതി വിശ്വസിക്കുന്നത്. തനിക്കറിയാവുന്ന ഒരേയൊരു കാര്യം എഡിറ്റിങ് ആണ്, കയ്യിലുണ്ടായിരുന്നത് 9000 രൂപയുടെ ഒരു ക്യാമറയാണ്. ഞങ്ങള്‍ക്ക് കാലുകളുണ്ടായിരുന്നു, അതുവെച്ച് നടന്നുകൊണ്ട് ഡോക്യുമെന്ററിയെടുത്തു.

പൊതുടോയ്‌ലറ്റുകള്‍ ഉപയോഗിച്ച് ശീലമില്ലാത്തയാളാണെന്നും എന്നാല്‍ അങ്ങനെയൊരാള്‍ക്ക് എളുപ്പത്തില്‍ ഇത് ചിത്രീകരിക്കാന്‍ കഴിയില്ലെന്നും തിരിച്ചറിഞ്ഞു. അവരെ നോക്കി മൂക്കുപൊത്തി നിന്ന് സംസാരിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. സെപ്ടിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് ഏറ്റവും വേദനിച്ചതെന്ന് ദിവ്യഭാരതി പറയുന്നു.

സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കാണാതെയായിരിക്കണം ഷൂട്ട്. അവര്‍ കണ്ടാല്‍ ചിലപ്പോള്‍ തൊഴിലാളിക്ക് തൊഴില്‍ വരെ നഷ്ടപ്പെട്ടേക്കും. അതുകൊണ്ട് വളരെ രഹസ്യമായിരുന്നു ഷൂട്ടിങ്. കൂടുതല്‍ ദിവസങ്ങള്‍ അവര്‍ക്കൊപ്പം കഴിഞ്ഞ ശേഷമാണ് അവരെ ഡോക്യുമെന്റ് ചെയ്യുന്നത്. ജാതി അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യിക്കുന്ന ഗവണ്‍മെന്റിന്റെ പരാജയത്തെക്കുറിച്ചാണ് ഈ ചിത്രം. എന്തുകൊണ്ടാണ് ഈ തൊഴില്‍ യന്ത്രവല്‍ക്കരിക്കാന്‍ ഗവണ്‍മെന്റിനു കഴിയാത്തത് എന്നും ഭാരതി ചോദിക്കുന്നു.

DONT MISS
Top