ഐസിസി ടെസ്റ്റ് റാങ്കിംഗ്: ജഡേജ ഒന്നാം സ്ഥാനത്ത്; കോഹ്ലിയെ പൂജാര മറികടന്നു

ഫയല്‍ ചിത്രം

മുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് നേട്ടം. ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ തനിച്ച് ഒന്നാം സ്ഥാനത്തെത്തി. പൂജാര ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് റാങ്കിംഗില്‍ തിരിച്ചടിയേറ്റു.

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ തിളങ്ങാന്‍ ജഡേജയ്ക്കും പൂജാരയ്ക്കും സഹായകമായത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇതോടെ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം ജഡേജ തനിച്ച് സ്വന്തമാക്കി. നിലവില്‍ അശ്വിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ജഡേജ. 899 പോയിന്റോടെയാണ് ഈ ഇടംകൈയ്യന്‍ സ്പിന്നര്‍ തലപ്പത്തെത്തിയത്. അശ്വിനും ബിഷന്‍ സിംഗ് ബേദിക്കും ശേഷം ഈ നേട്ടം കൈവിക്കുന്ന താരമാണ് ജഡേജ. രണ്ടാം സ്ഥാനത്തുള്ള അശ്വിന് 862 പോയിന്റാണുള്ളത്.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തായിരുന്ന പൂജാര രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. റാഞ്ചി ടെസ്റ്റിലെ ഇരട്ടസെഞ്ച്വറി പ്രകടനമാണ് ഈ നേട്ടത്തിന് തുണയായത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്മിത്തിന് 941 പോയിന്റും പൂജാരയ്ക്ക് 861 പോയിന്റുമാണുള്ളത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ കോഹ്‌ലി നാലാംസ്ഥാനത്തുമുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ താരങ്ങളായ അശ്വിന്‍, ജഡേജ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

DONT MISS
Top