പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സ്വാശ്രയ കോളേജ് സമരം

കൊച്ചി: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സ്വാശ്രയ സമരം. നാളെ സംസ്ഥാനത്തെ മു‍ഴുവന്‍ സ്വാശ്രയ കോളേജുകളും അടച്ചിടാനാണ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ തീരുമാനം.

ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന് പുറമെ നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ  വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിരുന്നു. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിന് കൃഷ്ണദാസ് മര്‍ദ്ദിച്ചെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിച്ചെന്നും രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഷഹീര്‍ എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. കേസില്‍ കൃഷ്ണദാസിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. 

തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്.  പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  സംഭവത്തില്‍ റിമാന്‍ഡിലായ  പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി.  കേസിൽ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടരുകയാണ്.

പ്രതികൾക്കെതിരെ രണ്ട്  ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കേസ് ഡയറിയിലെ തെളിവുകളും പരാതിക്കാരന്റെ മൊഴിയും പരിഗോധിച്ചാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരുന്നത്. അത്തരം കേസിൽ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും കെട്ടിച്ചമച്ച കേസാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ ഹൈക്കോടതി ഇതെ കേസ് പരിഗണിക്കുന്നതിനാൽ അതിന് ശേഷമേ വിധി പറയാവൂവെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.

DONT MISS
Top