കാടെവിടെ മക്കളെ…? വനവും ഊര്‍ജവും പ്രമേയമാക്കി മറ്റൊരു വനദിനം കൂടി

പ്രതീകാത്മകചിത്രം

കാടെവിടെ മക്കളെ? മേടെവിടെ മക്കളെ ?
കാട്ടു പുല്‍ത്തകിടിയുടെ വേരെവിടെ മക്കളെ ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ ?
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളെ… ?

കാടും, മേടും പുല്‍ത്തകിടിയും ഒരു തലമുറയ്ക്കിപ്പുറം സ്വപ്‌നമായി കൊണ്ടിരിക്കുന്ന സമൂഹത്തില്‍, കാടിന്റെ സംരക്ഷണം ഓര്‍മിപ്പിച്ചുകൊണ്ട് മറ്റൊരു അന്താരാഷ്ട്ര വനദിനം കൂടി. ഒരു പക്ഷെ ഇന്നത്തെ ഭൂമിയുടെ അവസ്ഥ ഈ കവിതയെക്കാളുപരി മറ്റൊന്നിനും ചര്‍ച്ചചെയ്യാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്ത തലമുറയ്ക്ക് ചിത്രങ്ങളിലൂടെയും, ചിന്തകളിലൂടെയും കാടിനെയും മേടിനെയും പുല്‍ത്തകിടിയെയും പറഞ്ഞുകൊടുക്കേണ്ട അവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. വനമില്ലെങ്കില്‍, ജലമില്ല, വായുവില്ല, ഊര്‍ജമില്ല, ഈ ആവാസവ്യവസ്ഥ തന്നെയില്ല. കലണ്ടറിലെ വെറുമൊരു ദിനമായി കണക്കാക്കാതെ മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ ദിനമായി വനദിനത്തെ രേഖപ്പെടുത്തേണ്ട അവസ്ഥ സംജാതമായികൊണ്ടിരിക്കുകയാണ്.

ഇത്തവണത്തെ അന്താരാഷ്ട്ര വനദിന ആഘോഷത്തിന്രെ പ്രമേയം വനവും ഊര്‍ജവും എന്നതാണ്. മനുഷ്യന്റെ നിലനില്‍പ്പിന് പരിസ്ഥിതി അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് ഓരോ ദിനങ്ങളും. ആഗോളതലത്തില്‍തന്നെ അതിര്‍ത്തികള്‍ പരിഗണിക്കാതെ രാഷ്ട്രങ്ങള്‍ ഇത്തരം ദിനങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിയുടെയും നിലനില്‍പ്പിന് കൈകോര്‍ക്കുകയാണ്.

2012 നവംബര്‍ 28നു യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയുടെ 23 ആം കോണ്‍ഫറന്‍സിലാണ്   വനങ്ങള്‍ക്കായി ഒരു ദിവസം എന്ന നിയമം പാസാക്കുന്നത്. വനം മനുഷ്യരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ലോകം മുഴുവന്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരമൊരു ദിനം ആചരിക്കുക എന്ന ചിന്തയിലേയ്‌ക്കെത്തുന്നത്.

ഭൂമിയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് വനങ്ങള്‍. എല്ലാ വര്‍ഷവും ഏതാണ്ട് 13 മില്ല്യണ്‍ ഹെക്ടറോളം വനനശീകരണം ഉണ്ടാകുന്നുവെന്നാണ് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, വനനശീകരണം, ഇതെല്ലാം മനുഷ്യന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ഭീഷണി ഉയര്‍ത്തുമ്പോള്‍ വന സംരക്ഷണം മാത്രമാണ് അവ തടയുന്നതിനുള്ള ഏക ഉപാധിയെന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വന നശീകരണം ആഗോള ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. നാട് നന്നാവണമെങ്കില്‍ കാടുവേണമെന്ന ചിന്ത പൊതുബോധത്തെ സ്വാധീനിച്ചു തുടങ്ങിയെങ്കിലും വന വിസ്തൃതിയില്‍ ദിനംപ്രതി ഗണ്യമായ കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.  നിര്‍മാണ പ്രവര്‍ത്തിയ്ക്കുവേണ്ട വന നശീകരണവും, കാട്ടുതീയും, മലിനീകരണവും, വനസമ്പത്തിനെ ഗണ്യമായി ബാധിക്കുകയാണ്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വന മേഖലയുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ കേരളം വന മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ മാസം തുടക്കംവരെ കേരളത്തില്‍ മാത്രം 1717 ഹെക്ടര്‍ കാടു കത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.
വനമില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന അറിവിനേക്കാള്‍ തിരിച്ചറിവ് നമ്മളില്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് കാട് സംരക്ഷിച്ചേ മതിയാകൂ.

നാമിപ്പോള്‍ ജലം വിലകൊടുത്തു വാങ്ങാന്‍ തുടങ്ങി, വിദൂര ഭാവിയില്‍ വായുവും വിലകൊടുത്ത് വാങ്ങേണ്ടിവരുമോ ? ഗൌരവമായി  ചിന്തിക്കേണ്ട കാര്യമാണ്.

DONT MISS
Top