മകിഴ്മതി പ്രജകളുടെ രക്ഷയ്ക്ക് ഇനി അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ അവതരിക്കും: ബാഹുബലിയുടെ അപ്പുക്കുട്ടന്‍ ട്രെയിലര്‍ മിക്‌സ് കാണാം

പ്രതീകാത്മക ചിത്രം

ബാഹുബലി എത്താന്‍ ഏതായാലും ഏപ്രില്‍ വരെ കാത്തിരിക്കണം. അതിനാല്‍  മലയാളികളെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രങ്ങളെ ബാഹുബലിയാക്കി ദിനംപ്രതി ട്രെയിലര്‍ മിക്‌സിറക്കി ആഘോഷിക്കുകയാണ് ട്രോളന്‍മാര്‍. ഏറ്റവും പുതുതായി പുറത്ത് ഇറങ്ങിയിരിക്കുന്നത് യോദ്ധയിലെ ജഗതി അവരിപ്പിച്ച അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ ബാഹുബലി അവതാരമാണ്.

മകിഴ്മതി പ്രജകള്‍ക്ക് ജീവത്യാഗം ചെയ്യാനെത്തുന്ന അരിശും മൂട്ടില്‍ അപ്പുക്കുട്ടന്‍ സമൂഹ മാധ്യമങ്ങളില്‍ ചിരിയുടെ വെടിക്കെട്ടിനാണ് തിരികൊളുത്തി ഇരിക്കുന്നത്. ഭല്ലാലാ ദേവയായ് മോഹന്‍ലാല്‍ അവതരിപ്പിച്ച തൈപ്പറമ്പില്‍ അശോകനും കൂടെ എത്തുമ്പോള്‍ രംഗം കൊഴുക്കുന്നു. യോദ്ധ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ആയോധനകല പരിശീലിച്ച് വരുന്ന അപ്പുക്കുട്ടനെയാണ് മഹേന്ദ്ര ബാഹുബലിയായ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. നേപ്പാളിലുള്ള കുട്ടിമാമയും, റിമ്പോച്ചി ഉണ്ണിക്കുട്ടനുമെല്ലാം മഹിഷ്മതി മഹാരാജ്യത്തിലെ കഥാപാത്രങ്ങളായി വീഡിയോയില്‍ വേഷമിടുന്നുമുണ്ട് .

1992ല്‍ പുറത്തിറങ്ങിയ യോദ്ധ സംവിധാനം ചെയ്തിരിക്കുന്നത് സംഗീത് ശിവനാണ്. എആര്‍ റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍മ്മിച്ച ചിത്രത്തിലെ തൈപ്പറമ്പില്‍ അശോകന്റെയും, അരിശംമൂട്ടില്‍ അപ്പുക്കുട്ടന്റെയും പിണക്കങ്ങളും, കുസൃതികളും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

ബീയിങ്ങ് മലയാളി എന്ന യൂട്യൂബ് പേജാണ് ഹാസ്യ സാമ്രാട്ട് ജഗതിയുടെ അനശ്വര കഥാപാത്രമായ അരിശും മൂട്ടല്‍ അപ്പുക്കുട്ടനെ ബാഹുബലിയാക്കി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മുന്‍പ് പുലിവാല്‍ കല്യാണത്തില്‍ സലീം കുമാര്‍ അവതരിപ്പിച്ച മണവാളനെ ബാഹുബലിയാക്കി ട്രെയിലര്‍ മിക്‌സ് പുറത്ത് വന്നിരുന്നു.

DONT MISS
Top