തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ തലയോട്ടികളുമായി പ്രതിഷേധിക്കുന്നത് എന്തിന്?

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷകര്‍

ദില്ലി: കടുത്ത വരള്‍ച്ച കാരണം തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ് ഒരു സംഘം കര്‍ഷകര്‍. വരള്‍ച്ച ബാധിച്ചതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി 170 കര്‍ഷകരാണ് സമരം ചെയ്യുന്നത്. 140 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്ര കടുത്ത വരള്‍ച്ചയെ നേരിടുന്നത്. അതുമാത്രമല്ല, ഇവര്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന തലയോട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടേതാണ് എന്നാണ് ഇവര്‍ പറയുന്നത്.

കാവേരി നദീതട പ്രദേശത്തുനിന്നുള്ളവരാണ് ഇവിടെയെത്തിയിരിക്കുന്നത്. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നേതാവ് പി അയ്യകണ്ണ് പറയുന്നു, ഒരൊറ്റ ഏക്കര്‍ ഭൂമിയില്‍ പോലും കൃഷിയിറക്കിയിട്ടില്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 29 ലക്ഷം ഏക്കറുകളിലാണ് കൃഷി ചെയ്തത്. ഈ വര്‍ഷം അത് ഒന്നുപോലും അല്ലാതെ ചുരുങ്ങി. കാര്‍ഷിക മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി ചെന്നെങ്കിലും പൊലീസ് ഇവരെ സ്ഥലത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് ഇവര്‍ നിരാഹാരസമരം അവസാനിപ്പിക്കുന്നതും.

കഴിഞ്ഞ വര്‍ഷം ഇതേരീതിയില്‍ സമരത്തിനെത്തിയ ഇവരിലൊരാളുടെ കാലിന് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കര്‍ഷകരെയും അവരുടെ കുടുംബത്തെയും അപമാനിക്കരുതെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നാണ് കേന്ദ്രത്തോടുള്ള ആവശ്യങ്ങളില്‍ ഒന്ന്. നദികള്‍ പരസ്പരം കൂട്ടി ബന്ധിപ്പിച്ച് വരള്‍ച്ച പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഞങ്ങളും ആത്മഹത്യ ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. ഒരു മാസം തന്നെ 106 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2247 കോടിയുടെ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജൊന്നും ഇതിന് പരിഹാരമല്ലെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്‌നാട് ഗവണ്മെന്റും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

DONT MISS
Top