വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള കുവൈത്തിന്റെ നീക്കം തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

പ്രതീകാത്മക ചിത്രം

കുവൈത്ത്: വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള കുവൈത്തിന്റെ നീക്കത്തിനെതിരെ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നികുതി ചുമത്തുന്നത് സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എണ്ണവിലയിടവ് മൂലം ഉണ്ടായ വരുമാനകുറവിന്റെ പശ്ചാത്തലത്തിലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം കുവൈത്തില്‍ ഉയര്‍ന്ന് വന്നത്. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താം എന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങള്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. നൂറ് ദിനാര്‍ വരെ രണ്ട് ശതമാനവും അഞ്ഞൂറ് ദിനാര്‍ വരെ നാലുശതമാനവും നികുതി ചുമത്താം എന്നായിരുന്നു നിര്‍ദ്ദേശം. അഞ്ഞൂറ് ദിനാറില്‍ കൂടുതല്‍ നാട്ടിലേക്ക് അയച്ചാല്‍ അഞ്ചുശതമാനവും നികുതി ചുമത്താം എന്നും ശുപാര്‍ശയിലുണ്ട്. ഇത് രാജ്യത്തിന് ഒരു പുതിയ വരുമാന സ്രോതസായി മാറമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ ഇത്തരം ഒരു നീക്കം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം കമ്പനികളുടെ കൂട്ടായ്മയായ എക്‌സ്‌ചേഞ്ച്‌സ് അസ്സോസിയേഷന്‍ ആണ് നികുതി നിര്‍ദേശത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. വിദേശികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതിന് പകരം കുവൈത്തിലെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടെതെന്ന് ഇവര്‍ പറയുന്നു. അങ്ങനെ ഉണ്ടായാല്‍ നാട്ടിലേക്ക് അയക്കുന്ന പണം കുവൈത്തില്‍ തന്നെ നിക്ഷേപിക്കുമെന്നും എക്‌സ്‌ചേഞ്ച്‌സ് അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ കുവൈത്തികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. മാത്രവുമല്ല നികുതി ചുമത്തിയാല്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ നാട്ടിലേക്ക് പണം കടത്തുന്ന പ്രവണത വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. കുവൈത്തില്‍ മൊത്തം നാല്‍പ്പത്തിമൂന്ന് ലക്ഷത്തോളം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്.

DONT MISS
Top