ആദ്യമായി മാനുഷിക പദവി നേടിയ നദി ന്യൂസിലാന്‍ഡില്‍; മനുഷ്യര്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ഈ നദിക്കും

മാവോറി ഗോത്രക്കാര്‍ വാന്‍ഗനൂയി നദിയില്‍

ന്യൂസിലാന്‍ഡ്‌: ലോകത്തില്‍ ആദ്യമായാണ് ഒരു നദിക്ക് മനുഷ്യ പദവി കിട്ടുന്നത്. ന്യൂസിലാന്‍ഡിലെ വാന്‍ഗനൂയി നദിക്കാണ് ഈ അപൂര്‍വ്വ പദവി. വാന്‍ഗനൂയിക്ക് പ്രത്യേകപദവി നല്‍കുന്ന, മനുഷ്യര്‍ക്കുള്ള എല്ലാ അവകാശങ്ങളും നല്‍കുന്ന നിയമത്തിന്റെ ബില്‍ ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസ്സാക്കി. ന്യൂസിലാന്‍ഡിലെ മൂന്നാമത്തെ വലിയ നദിയാണ് വാന്‍ഗനൂയി.

160 വര്‍ഷങ്ങളായി ഇവിടത്തെ മാവോറി ഗോത്രവര്‍ഗക്കാര്‍ നദിക്ക് മനുഷ്യപദവി വേണമെന്ന ആവശ്യവുമായി പോരാടുന്നവരാണ്. ഒരു പ്രകൃതി വിഭവത്തിന് മനുഷ്യപദവി നല്‍കുന്നത് ഒരുപക്ഷേ ആദ്യത്തെ സംഭവമായിരിക്കും. നദിയെ ആദിമനുഷ്യനായി കാണുന്നത് കൊണ്ടാണ് ഇത്രകാലമായി മാവോറി ഗോത്രക്കാര്‍ നദിക്കുവേണ്ടി സമരം ചെയ്തത്.

ഒരു നദിക്ക് ജീവനുണ്ടെന്നും അതും മനുഷ്യര്‍ക്കൊപ്പമുള്ള ജീവിയാണെന്നും കണക്കിലെടുക്കുമ്പോഴാണ് ഒരു നദിയെ നല്ല രീതിയില്‍ സമീപിക്കുന്നത് എന്നാണ് ഇവിടത്തെ മനുഷ്യര്‍ വിശ്വസിക്കുന്നത്. ഉടമസ്ഥത, നിലനില്‍പ്പ് തുടങ്ങിയ സങ്കല്‍പങ്ങളില്‍ നദിയെ കൊണ്ടുനടക്കുന്ന ലോകത്തിനാണ് ഈ നിയമനടപടി കൊണ്ട് മാവോറി ഗോത്രക്കാര്‍ മറുപടി പറയുന്നത്. ഈ പദവി കൊണ്ടുള്ള ഒരു ഗുണമിതാണ്, നദിക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഇനിമുതല്‍ മാവോറി ഗോത്രക്കാര്‍ക്കുനേരെ, വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളായി കണക്കുകൂട്ടപ്പെടും. നിയമനടപടികള്‍ ഉണ്ടാകും.

നദിക്ക് രണ്ട് കാവല്‍ക്കാര്‍ ഉണ്ടാകും. ഇതിലൊരാള്‍ മാവോറി ഇവി ഗോത്രത്തില്‍ നിന്നുള്ള ആളായിരിക്കും. പുഴകള്‍ക്കും നദികള്‍ക്കും പര്‍വ്വതങ്ങള്‍ക്കും കടലിനും തങ്ങളുടെ തുല്യമായി കാണുന്നവരാണ് മാവോറി ഗോത്രക്കാര്‍. അവരുടെ അതിജീവന രാഷ്ട്രീയമാണ് ഈ നിയമത്തിലൂടെ വ്യക്തമാകുന്നത്. ന്യൂസിലാന്‍ഡിലെ മറ്റ് ഗോത്രക്കാര്‍ക്ക് പിന്തുടരാനുള്ള ഒരു നല്ല വഴിയാണ് മാവോറിക്കാര്‍ ദശാബ്ദങ്ങളായുള്ള സമരം കാണിച്ചുകൊടുക്കുന്നത്.

DONT MISS
Top