ദേശീയഗാനത്തിന് എഴുന്നേറ്റുനില്‍ക്കാത്ത യുവാക്കളെ അറസ്റ്റുചെയ്യിച്ച് മാധ്യമപ്രവര്‍ത്തകന്‍, നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇയാള്‍

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്‌: കാച്ചിഗുഡ മഹേശ്വരി പരമേശ്വരി മാള്‍ ഇനോക്‌സില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്ത രണ്ട് മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യിച്ച് മാധ്യമപ്രവര്‍ത്തകന്‍. എ സമ്പത്ത് എന്നയാളാണ് സയ്യിദ് ഷാഫി ഹുസൈനെയും മുഹമ്മദ് ഇല്യാസിനെയും സുല്‍ത്താന്‍ ബസാര്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. Prevention of Insults to National Honour Act, 1971 അനുസരിച്ചാണ് ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തെലുഗു ചിത്രമായ ചിത്രാംഗദ കാണാനെത്തിയതായിരുന്നു ഇവര്‍.

ദേശീയഗാനത്തിനിടെ ഇവര്‍ ഇരിക്കുന്നതിന്റെ വീഡിയോയും സമ്പത്തിന്റെ കയ്യിലുണ്ട്. എഴുന്നേറ്റുനില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ എഴുന്നേറ്റില്ല.  ഒരു ഇന്ത്യന്‍ പൗരന്റെ വ്യക്തിപരമായ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ നടപടി കൈക്കൊണ്ടത് എന്ന് സമ്പത്ത് പറയുന്നു.

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഹുസൈന്‍ രണ്ടാഴ്ച മുമ്പ് തന്റെ കല്യാണത്തിനുവേണ്ടി ഹൈദരാബാദില്‍ എത്തിയതാണ്. താന്‍ ആരെയോ കൊന്നു എന്നപോലെയാണ് പൊലീസ് ഇക്കാര്യം തന്റെ സഹോദരനെ വിളിച്ചറിയിച്ചത് എന്നും ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. താനൊരു അഭിഭാഷകനാണെന്നും ഇതു സംബന്ധിച്ച നിയമങ്ങള്‍ തനിക്കറിയാമെന്നും എന്നാല്‍ ഏതുവകുപ്പനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തതെന്ന് അവര്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഹുസൈനിയുടെ സഹോദരന്‍ പറഞ്ഞു. പൊലീസ് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത സഹോദരന്‍ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിക്കുന്നതിനെതിരെയുള്ള നിയമത്തിന്റെ മൂന്നാം വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം തടവോ പിഴയോ ആണ് ശിക്ഷ. മുന്‍പ്  എഴുന്നേറ്റുനില്‍ക്കാത്ത രണ്ടുപേരെ കണ്ടപ്പോള്‍ താന്‍ പ്രതികരിച്ചില്ല. പിന്നീട് ഇത് ആവര്‍ത്തിച്ചു കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. അവര്‍ ഹിന്ദുക്കളാണോ മുസ്ലീങ്ങളാണോ എന്ന് പൊലീസ് ചോദിച്ചിരുന്നുവെന്നും സമ്പത്ത് പറഞ്ഞു. ദേശീയഗാനത്തെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാത്തവര്‍ക്കെതിരെയുള്ള നിയമം കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ആപ്പില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സമ്പത്ത് പറഞ്ഞു.

സിനിമാഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിട്ട് മാസങ്ങളായി. ഏതു സിനിമാഹാളിലും ദേശീയഗാനത്തിന് എഴുന്നേറ്റുനില്‍ക്കാത്ത വളരെ ചെറിയ ഒരു ന്യൂനപക്ഷം ഉണ്ടാകും. എഴുന്നേറ്റുനില്‍ക്കാത്തവരെ ഭയപ്പെടുത്താനും ആക്രമിക്കാനും അറസ്റ്റ് ചെയ്യിക്കാനും തയ്യാറായി നിയമം കയ്യിലെടുക്കാന്‍ ആളുകളും ഉണ്ടാകും. ഇങ്ങനെ ഒരു ചെറിയ യുദ്ധം തന്നെയാണ് സുപ്രീം കോടതി ദേശീയഗാനം നിര്‍ബന്ധമാക്കിയതോടെ സിനിമാഹാളുകളില്‍ സംഭവിക്കുന്നത്. വീല്‍ചെയറിലുള്ളയാളെ എഴുന്നേറ്റുനില്‍ക്കാത്തതിന്റെ പേരില്‍ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

DONT MISS
Top