മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് അക്ഷയ് കുമാറിന്റെ സാമ്പത്തിക സഹായം; 1.08 കോടി രൂപ കൈമാറി

മുംബൈ: സുക്മയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടേയും വീടുകളിലെത്തിയാണ് താരം 9 ലക്ഷം രൂപ വീതം കൈമാറിയത്.

മാര്‍ച്ച് 11നാണ് സുക്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 12 ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചത്. സിആര്‍പിഎഫ് പട്രോളിംഗിനിടെ മാരകായുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുകയായിരുന്നു. 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സിആര്‍പിഎഫിന്റെ 219-ആം ബറ്റാലിയനിലെ ജവാന്മായിരുന്നു കൊല്ലപ്പെട്ടത്.

ജയ്‌സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധ ഐപിഎസുമായി അക്ഷയ് കുമാര്‍ ബന്ധപ്പെട്ടിരുന്നു. അക്ഷയ് ആവശ്യപ്പെട്ട പ്രകാരം ഡിഐജി കൊല്ലപ്പെട്ട ജവാന്‍മാരുടെ വിലാസം നല്‍കി. ജവാന്‍മാരുടെ കുടുംബത്തിന് ഒമ്പതു ലക്ഷം വീതം നല്‍കാന്‍ തയ്യാറെന്ന് അക്ഷയ് പിന്നീട് അറിയിക്കുകയായിരുന്നു. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തു.

മുന്‍പും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് കുമാര്‍ സഹായം നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ കുടുംബത്തിനും അക്ഷയ് കുമാര്‍ നേരത്തെ 9 ലക്ഷം രൂപ സാമ്പത്തിക സഹായം കൈമാറിയിരുന്നു.

DONT MISS
Top